‘മുകേഷ് രാജിവെക്കാൻ സിപിഐഎം സമ്മതിക്കുന്നില്ല’; വി.ഡി സതീശൻ
മുകേഷിന്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ രാജി ആവശ്യപ്പെട്ടിട്ടും സിപിഐ എം തയാറാകുന്നില്ല. മുകേഷ് രാജി വെക്കണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും വി ഡി സതീശൻ പറഞ്ഞു.സിപിഐഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. സിനിമാ നയ രൂപീകരണ സമിതിയിൽ മുകേഷ് ഇപ്പോഴും അംഗമാണ്.
വളരെ രഹസ്യമാകേണ്ട ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ് അടക്കം വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് രാജിവെക്കാൻ തയ്യാറല്ല, സിപിഐഎം മുകേഷിനോട് രാജി ആവശ്യപ്പെടണം. എന്നാൽ മുകേഷിന് കുട ചൂടി നിൽക്കുകയാണ് സിപിഐഎം. ഘടകകക്ഷികളിൽ നിന്നടക്കം ആവശ്യം വന്നിട്ടും സിപിഐഎം അവരെ സംരക്ഷിക്കുകയാണ്. സിപിഐഎമ്മിൻ്റെ ഒരുപാടാളുകളെ സംരക്ഷിക്കാനുള്ളത് കൊണ്ടാണ് സിപിഐഎം ഈ നിലപാട് സ്വീകരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിൽ സർക്കാർ അന്വേഷണം നടത്തുന്നില്ല. മുകേഷിന്റെ രാജി എന്ന ആവശ്യവുമായി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പള്ളിക്കും വിൻസൻ്റിനുമെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. കുന്നപ്പള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നു. സോളാർ കേസിൽ സിബിഐക്ക് വിട്ടവരല്ലേ ഇവർ, ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യത്തിന് പോലും പോയില്ലല്ലോ. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മുകേഷിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ടയാൾക്കെതിരെ ആരോപണം വന്നയുടൻ അദ്ദേഹത്തോടെ കെപിസിസി പ്രസിഡൻ്റ് രാജി ആവശ്യപ്പെട്ടുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം ബലാത്സംഗ പരാതിയില്‍ മുകേഷിനെതിരെ മുന്നണിയില്‍ നിന്നുതന്നെ രൂക്ഷ വിമര്‍ശനമുയരുമ്പോഴും മുകേഷിനോട് രാജി ഇപ്പോള്‍ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐഎം. സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ധാരണ. നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിവാക്കാനാണ് തീരുമാനമായിരിക്കുന്നത്. സമിതി പുനസംഘടിപ്പിക്കുമ്പോഴായിരിക്കും മുകേഷിനെ ഒഴിവാക്കുക. സിപിഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കാതെയാണ് ഈ തീരുമാനം.
മുകേഷിന്റെ രാജിയെച്ചൊല്ലി സിപിഐയിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്. പ്രകാശ് ബാബുവും ആനി രാജയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുകേഷിന് ഒരു നിമിഷം പോലും ഇനി ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സിപിഐയ്ക്ക് തിരുത്തല്‍ ശക്തിയാകാനാകില്ലെന്ന് തെളിയിക്കുന്നതാണ് സിപിഐഎം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. രാജി ആവശ്യം കടുപ്പിക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്.
മുകേഷ് രാജിവയ്ക്കാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായമെങ്കിലും നേതൃത്വം വിഷയത്തില്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സിപിഐഎമ്മും മുകേഷും രാജിക്കാര്യത്തില്‍ തീരുമാനമെടുക്കട്ടേ എന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. മുകേഷ് വിഷയം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.
Story Highlights : V D Satheesan react allegations against MLA Mukesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here