ഡിഎംകെയുടെ മുരുകന്‍ സമ്മേളനം മുതല്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര വരെ; തമിഴ് രാഷ്രീയത്തെ മുരുക ഭഗവാന്‍ ആവേശിക്കുമ്പോള്‍
ദ്രാവിഡ രാഷ്ട്രീയം ഉഴുതുമറിച്ച തമിഴ് മണ്ണില്‍ മതവിശ്വാസം ഇറക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമങ്ങള്‍ നിലനില്‍ക്കെ, ഒരു പുതിയ വിവാദത്തിന്റെ ബിന്ദുവായി മുരുക ഭഗവാന്‍ മാറുന്നു. കഴിഞ്ഞ ആഴ്ച ഡിഎംകെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ മുരുകന്‍ സമ്മേളനമാണ് തമിഴ് സംസ്‌കാരവുമായി ഏറെ ഇഴുകിച്ചേര്‍ന്നിരിക്കുന്ന മുരുക ഭഗവാനെ ഒരു രാഷ്ട്രീയ ചര്‍ച്ചാ വിഷയം ആക്കിയത്.
മുരുകനുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പുണ്യസ്ഥലങ്ങളിലേക്ക് ഒരു യാത്ര നടത്താന്‍ നാല് വര്‍ഷം മുമ്പ് ബിജെപി തീരുമാനിച്ചപ്പോള്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ഭഗവാന്‍ മുരുകനെ ബി ജെ പി ഉപയോഗിക്കുന്നു എന്ന് ഡിഎംകെ കുറ്റപ്പെടുത്തിയിരുന്നു. വെട്രിവേല്‍ യാത്ര നടത്തി സംസ്ഥാനത്തെ മുരുകനുമായി ബന്ധപ്പെട്ട ആറ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് അന്നത്തെ തമിഴ്‌നാട് ബിജെപി പ്രസിഡന്റായിരുന്ന എല്‍ മുരുഗന്‍ പറഞ്ഞത്. 1992ല്‍ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 26 എന്ന അതേ ദിവസം തന്നെ തന്റെ യാത്ര അവസാനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രയുടെ ആദ്യ ദിവസം തന്നെ എല്‍ മുരുഗനും അണികള്‍ക്കും യാത്ര അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ഹിന്ദുത്വ വിരുദ്ധ പാര്‍ട്ടിയെന്ന പ്രചരണത്തെ നേരിടാന്‍ ഡിഎംകെ തന്നെ ഇപ്പോള്‍ മുരുക ഭഗവാനെ ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശനം.
ഡിഎംകെയുടെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല സഖ്യകക്ഷികള്‍ പോലും രംഗത്ത് വന്നു. പാര്‍ട്ടിയുടെ മതേതര പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ് ഇത്തരത്തിലുള്ള ഒരു കോണ്‍ക്ലേവെന്ന് ഇവര്‍ കുറ്റപ്പെടുന്നു. ഒരു ദൈവത്തെയും ആരാധിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍, സര്‍ക്കാര്‍ നേരിട്ട് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും സിപിഐഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ പഴനിയിലാണ് അന്തര്‍ദേശിയ മുത്തമിഴ് മുരുകന്‍ സമ്മേളനം നടന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നടത്തിപ്പ് കൈകാര്യം ചെയ്യുന്ന സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് പരിപാടി സംഘടിപ്പിച്ചത്. ഇത്തരമൊരു നീക്കത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ മതപരമായൊരു ചടങ്ങായല്ല, തമിഴ് സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും ആഘോഷമായാണ് സമ്മേളനത്തെ ഉയര്‍ത്തിക്കാട്ടിയത്. ‘സമ്പന്നമായ പൈതൃകമുള്ള തമിഴ് ഭാഷ സാംസ്‌കാരികവും ആത്മീയവുമായ പുരോഗതിയില്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. തമിഴ് സംസ്‌കാരത്തിന്റെ മൂന്ന് ഘടകങ്ങളായ സാഹിത്യം, സംഗീതം, നാടകം എന്നിവ വളരുകയും മഹത്വം കൈവരിക്കുകയും ചെയ്തത് മുരുകന്റെ കൃപ കൊണ്ടാണ്. മുരുകന്റെ തത്വങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നത് തുടരുന്നു, ‘ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
ഡിഎംകെയെ ഹിന്ദു വിരുദ്ധ സംഘടനയായി മുദ്രകുത്താന്‍ ഏറെക്കാലമായി ശ്രമിക്കുന്ന ബിജെപിയെ സര്‍ക്കാരിന്റെ നീക്കം ചൊടിപ്പിച്ചിട്ടുണ്ട്. സനാതന ധര്‍മം ഇല്ലാതാക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് ഡിഎംകെ നേതാക്കള്‍ സംസാരിച്ചതെതെന്നും അതേ ആളുകളാണിപ്പോള്‍ ഈ രാഷ്ട്രീയ നാടകം കളിക്കുന്നതെന്നും ബിജെപി തമിഴ്‌നാട് സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു. വോട്ട് നേടാനുള്ള തന്ത്രം എന്നാണ് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജന്‍ ഇതേ കുറിച്ച് പറഞ്ഞത്.
സംസ്ഥാനത്തുടനീളമുള്ള മുരുകന്‍ ക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രതിഷ്ഠകള്‍, സിദ്ധവൈദ്യം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുമായി സമ്മേളനത്തില്‍ അംഗീകരിച്ച 21 പ്രമേയങ്ങളില്‍ ചിലതും വിമര്‍ശനത്തിന് വിധേയമായി. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും മുരുകനെ ആസ്പദമാക്കിയുള്ള മത്സരങ്ങള്‍ നടത്തുക എന്നതാണ് ഇത്തരത്തില്‍ വിവാദമായ ഒരു പ്രമേയം. വിദ്യാര്‍ത്ഥികളെ കാണ്ഡ ഷഷ്ടി കവചം ആലപിക്കാന്‍ പരിശീലിപ്പിക്കുക, കോളേജുകളില്‍ സ്പിരിച്വല്‍ സ്റ്റഡീസ് കോഴ്‌സായി പഠിപ്പിക്കുക എന്നിങ്ങനെയുള്ള പ്രമേയങ്ങളും പാസാക്കി. ഈ നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദ്രാവിഡ പാര്‍ട്ടി അതിന്റെ മതേതര അടിത്തറയെ വഞ്ചിച്ചുവെന്ന രൂക്ഷമായ പ്രതികരണമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.
Story Highlights : From DMK’s Murugan Conference to BJP’s Vetrivel Yatra; When Lord Muruka excites the Tamil politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here