‘തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കട്ടെ, മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്’ :എഡിജിപി എം ആർ അജിത് കുമാർ
തനിക്കെതിരായ ആരോപണങ്ങളുടെ നിജ സ്ഥിതി സർക്കാർതന്നെ അന്വേഷിക്കട്ടെയെന്ന് എഡിജിപി എം ആർ അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അന്വേഷിക്കണമെന്നും എംആർ അജിത് കുമാർ പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ ഒന്നും തന്നെ പ്രതികരണം നൽകാതെ എല്ലാ ചോദ്യങ്ങൾക്കും ഒറ്റവരി മറുപടി നല്കുകയായിരുന്നു എഡിജിപി.
അതേസമയം, ക്രമസമാധാന ചുമതലയിൽ നിന്നും എംആർ അജിത്കുമാറിനെ മാറ്റും. പകരം മനോജ് എബ്രഹാമും എച്ച് വെങ്കിടെഷും പരിഗണനയിലുണ്ട്. ചുമതലകളിൽ ബൽറാം കുമാർ ഉപാധ്യയുടെ സാധ്യതയും ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരികയാണ്.
Read Also:‘സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എം.ആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടു’ : വെളിപ്പെടുത്തി പരാതിക്കാരി
സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്.
വിവാദത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഏത് കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഒരു മുന്‍വിധിയിലും ഉണ്ടാവില്ലെന്നുമാണ് കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാനുള്ള നടപടി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം ഡിജിപിയാണ് വിഷയം അന്വേഷിക്കുക.
മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ ഇന്നും അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. അജിത് കുമാറിന്റെ കീഴില്‍ ദുബായില്‍ സ്വര്‍ണ്ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അജിത് കുമാര്‍ ഇടപെട്ട് സോളാര്‍ കേസ് അട്ടിമറിച്ചു, കവടിയാറില്‍ സ്ഥലം വാങ്ങി കൊട്ടാരത്തിന് സമാനമായ വീട് പണിയുന്നു എന്നതടക്കമുള്ള ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയത്.
‘ പൊലീസിന്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്. 29 വർഷമായി കേരള പൊലീസിൽ പ്രവർത്തിക്കുന്നു… സിവിൽ പൊലീസ് എന്ന പേര് കൊണ്ടുവന്നത് മുതൽ സേനയിലെ പല മാറ്റങ്ങൾക്കും താൻ കാരണക്കാരനായിട്ടുണ്ട്, ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ലാ …
ജനങ്ങൾക്ക് പൊലീസിൽ വലിയ വിശ്വാസമുണ്ട്. ആ വിശ്വാസം നിലനിർത്താൻ ഞാനും നിങ്ങളും ഉത്തരവാദപ്പെട്ടവർ ആണ്. സർക്കാരിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണം’ എന്നായിരുന്നു അജിത്കുമാർ കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ നടത്തിയ പരാമർശം. കൂടാതെ സേനയിൽ താൻ ചെയ്ത കാര്യങ്ങളും അജിത്കുമാർ എടുത്തുപറഞ്ഞിരുന്നു.
Story Highlights : ‘I have sent a letter to the Chief Minister to investigate the allegations against him’: ADGP MR Ajit Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here