Advertisement

ശ്രദ്ധേയമായ ചുവടുവെപ്പ്, മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന വർഷങ്ങളായി കേരളം ആവശ്യപ്പെട്ടത്; മന്ത്രി റോഷി അഗസ്റ്റിൻ

September 2, 2024
Google News 2 minutes Read
roshy augustine

മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച കേന്ദ്ര ജലക്കമ്മീഷന്റെ തീരുമാനത്തെ പ്രശംസിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണ് ഈ അനുമതി നൽകൽ. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ശ്രദ്ധേയമായ ചുവടുവെപ്പാണെന്നും തമിഴ്നാടിന് വെള്ളം ഉറപ്പ് വരുത്തിക്കൊണ്ട് തന്നെ പുതിയ ഡാമിനായി മുന്നോട്ട് പോകാനാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

കേരളം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു സമഗ്രമായ സുരക്ഷാ പരിശോധന. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ ഇതിന്റെ ഭാഗമായി വരും. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ വിജയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Read Also: മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചു

ഇതിനു മുന്‍പ് 2011 ലാണ് ഇത്തരമൊരു പരിശോധന നടത്തിയിരുന്നത്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഈ തീരുമാനം ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. സ്വതന്ത്ര വിദഗ്ദന്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. 2021-ലെ ഡാം സുരക്ഷാ നിയമ പ്രകാരം ഇങ്ങനെയുള്ള പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. സുരക്ഷാ പരിശോധനകളില്‍ ഏതെങ്കിലും ഒന്നില്‍ സുരക്ഷിതത്വം കുറവുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചാല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കേരളത്തിന്റെ വാദത്തിന് ബലം വര്‍ധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Story Highlights : the Mullaperiyar security inspection has been demanded by Kerala for years; Minister Roshi Augustine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here