കെപിസിസി വയനാട് പുനരധിവാസ ഫണ്ട്: ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി രാഹുല്‍ ഗാന്ധി
വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കി. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടി ഘടകങ്ങളും പോഷക സംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാം. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്‍കിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും.
Read Also: 10 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്
വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഫണ്ട് ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി സ്റ്റാന്‍ഡ് വിത്ത് വയനാട്‌ഐഎന്‍സി എന്ന മൊബൈല്‍ ആപ്പ് ധനസമാഹരണം നടത്തുന്നുണ്ട്.
Story Highlights : KPCC Wayanad Rehabilitation Fund: Rahul Gandhi donates one month’s salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here