Advertisement

കേന്ദ്ര സർക്കാരിൻ്റെ പുതിയ പെൻഷൻ പദ്ധതി: 23 ലക്ഷം ജീവനക്കാർക്ക് മികച്ച നേട്ടം, മരണം വരെ സാമ്പത്തിക ഭദ്രത

September 4, 2024
Google News 2 minutes Read
kerala social security pension

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള തീരുമാനത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ട് അധികം ദിവസമായിട്ടില്ല. 2025 ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കപ്പെടുന്ന ഏകീകൃത പെൻഷൻ പദ്ധതിയുടെ ഗുണഫലം 23 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൻ്റെ ഭാഗമായ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാൻ ഒറ്റത്തവണ അവസരം ലഭിക്കും. തങ്ങൾ നടപ്പാക്കുന്ന പുതിയ പദ്ധതി സംസ്ഥാനങ്ങൾക്കും നടപ്പാക്കാമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാർക്ക് അവർ അവസാനത്തെ 12 മാസങ്ങളിൽ ലഭിച്ച അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം ഓരോ മാസവും പെൻഷനായി ലഭിക്കും. 25 വർഷം സർവീസുള്ളവർക്കാണ് ഈ നേട്ടം ലഭിക്കുക. പത്ത് വർഷം സർവീസുള്ളവർക്ക് താരതമ്യേനെ കുറഞ്ഞ പെൻഷനാവും ലഭിക്കുക. 10 വർഷം വരെ സർവീസുള്ളവർക്ക് മിനിമം പെൻഷൻ 10000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പെൻഷൻ വാങ്ങുന്ന ജീവനക്കാരൻ അല്ലെങ്കിൽ ജീവനക്കാരി മരിച്ചാൽ അവരുടെ പെൻഷൻ തുകയുടെ 60 ശതമാനം കുടുംബ പെൻഷനായി പങ്കാളിക്ക് ലഭിക്കും. വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില നിലവാരത്തിൻറെ അടിസ്ഥാനത്തിൽ പെൻഷൻ തുക കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യും.

Read Also: സമയം അവസാനിക്കുന്നു, വേഗമാകട്ടെ; ആധാർ കാർഡിൽ സൗജന്യമായി മാറ്റം വരുത്താനുള്ള സമയം 14 ന് അവസാനിക്കും

റിട്ടയർമെൻ്റ് സമയത്ത് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്ക് പുറമേ പെൻഷനായി ലഭിക്കേണ്ട തുകയുടെ ഒരു ഭാഗം മുൻകൂറായി ജീവനക്കാർക്ക് ലഭിക്കും. ജോലി ചെയ്ത ആറ് മാസത്തേക്ക് ഒന്ന് എന്ന കണക്കിൽ ശമ്പളവും ഡിഎയും ചേർത്ത തുകയാണ് ഇത്തരത്തിൽ നൽകുക. ഉദാഹരണത്തിന് ശമ്പളം 10000 രൂപയും ഡിഎ 2000 രൂപയുമാണെന്നും 15 വർഷം ജോലി ചെയ്തെന്നും കരുതുക. അങ്ങനെ വരുമ്പോൾ ആറ് മാസത്തേക്ക് ഒന്ന് എന്ന കണക്കിൽ ശമ്പളവും ഡിഎയും കൂട്ടിയ 12000 ലഭിക്കും. 15 വർഷത്തേക്ക് 12000*30=3,60,000 രൂപയാണ് ലഭിക്കുക. ഈ തുക ജീവനക്കാരന് ലഭിക്കേണ്ട പെൻഷൻ തുകയുടെ പത്തിൽ ഒരു ഭാഗം തവണ വ്യവസ്ഥയിൽ കുറക്കും. കേന്ദ്ര സർക്കാർ സർവീസിൽ 2004 ജനുവരി ഒന്നിന് മുൻപ് ചേർന്ന ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയാണ് നടപ്പാക്കുന്നത്. 2004 ന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് എൻപിഎസ് പെൻഷനാണ് ഏർപ്പെടുത്തിയിരുന്നത്.

ഓൾഡ് പെൻഷൻ സമ്പ്രദായത്തിൽ വിരമിക്കുന്ന ജീവനക്കാരന് അവസാന മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ പകുതിയും ഡിഎയുമാണ് പെൻഷനായി ലഭിച്ചിരുന്നത്. ഇതിൻ്റെ 60 ശതമാനം തുകയാണ് ഫാമിലി പെൻഷനായി നൽകിയിരുന്നത്. മിനിമം പെൻഷനായി 9000 രൂപയും ഡിഎയുമാണ് നിശ്ചയിച്ചിട്ടുള്ളത്. വിരമിക്കുന്ന സമയത്ത് പെൻഷൻ ഫണ്ടിൽ നിന്ന് 40 ശതമാനം തുക ജീവനക്കാർക്ക് പിൻവലിക്കാൻ സാധിക്കും. 80 വയസ് പിന്നിട്ടാൽ പെൻഷൻ തുകയിൽ 20 ശതമാനം വർധനവും നടപ്പാക്കും. 85 വയസ് പിന്നിട്ടാൽ 30 ശതമാനവും 90 വയസ് പിന്നിട്ടാൽ പെൻഷൻ തുക 40 ശതമാനവും വർധിക്കും. 95 വയസ് പിന്നിട്ടാൽ 50 ശതമാനം പെൻഷൻ തുക വർധിക്കും.

ഓരോ ശമ്പള പരിഷ്കരണ കമ്മീഷൻ്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ ഈ പെൻഷനും ഭേദഗതി വരുത്തും. 2016 ലാണ് അവസാനമായി ശമ്പള പരിഷ്കരണം നടപ്പാക്കിയത്. കേന്ദ്ര സർക്കാരിൻ്റെ വരുമാനത്തിൽ നിന്നാണ് മൂന്ന് മാർഗത്തിലും പെൻഷൻ നൽകുന്നത്. മറ്റ് മേഖലകളിൽ ജീവനക്കാരനും തൊഴിൽ ദാതാവും പെൻഷൻ പദ്ധതിയിലേക്ക് പണം നൽകുമ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷൻ പദ്ധതിയിലേക്ക് വിഹിതം നൽകേണ്ടി വരുന്നില്ല.

മുൻപ് എബി വാജ്പേയി സർക്കാരിൻ്റെ കാലത്താണ് എൻപിഎസ് നടപ്പാക്കിയത്. ഒപിഎസ് വഴി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം ഇതോടെ ജീവനക്കാർക്ക് അന്യമായിരുന്നു. 2023 മാർച്ചിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ലെങ്കിലും കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ പോസ്റ്റൽ വോട്ടുകളിൽ ഉണ്ടായ കുറവാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണമായി വിലയിരുത്തുന്നത്.

Story Highlights : A new Unified Pension Scheme (UPS) to be launched on April 1, 2025.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here