Advertisement

ഹേമ കൊടുങ്കാറ്റ് കേരളം കടന്ന് തമിഴ്, കന്നട സിനിമാ മേഖലകളിലേക്ക്; തെന്നിന്ത്യ ഒന്നുലയും

September 5, 2024
Google News 1 minute Read

കേരളത്തിൽ വലിയ വിവാദത്തിന് തുടക്കമിട്ട ഹേമ കമ്മിറ്റി കൊടുങ്കാറ്റ് തെന്നിന്ത്യയിലാകെ വീശുന്നു. കേരളം കടന്ന് തമിഴ്, കന്നട സിനിമാ മേഖലകളിലേക്ക് എത്തി കഴിഞ്ഞിരിക്കുന്നു. ഒരു കൂട്ടം സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഉൾപ്പെടെ പലരും തെന്നിവീഴുന്ന പുതിയ ചരിത്രമാണ് ഹേമ കമ്മിയിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാളത്തില്‍ അഭിനയിക്കാനെത്തിയ അന്യഭാഷാ നടികള്‍ അവര്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെ ഓരോരുത്തരായി രാജിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണാനായത്.

മലയാള ചലച്ചിത്രമേഖലയിൽ ഏറെ വിവാദങ്ങൾ സൃഷിടിച്ചുകൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഇഫക്ട് ആദ്യം തമിഴ് സിനിമയിലേക്കാണ് എത്തിയത്. അഭിനേതാക്കളുടെ സംഘടനയായ നടികർസംഘം ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പത്തുദിവസത്തിനകം പത്തംഗസമിതി രൂപവത്കരിക്കുമെന്ന് ജനറൽസെക്രട്ടറി നടൻ വിശാൽ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപുതന്നെ ഗായിക ചിൻമയി, നടി ശ്രീ റെഡ്ഡി, ശരത്കുമാറിന്റെ മകൾ വരലക്ഷ്മി, നടി ഐശ്വര്യാ രാജേഷ് തുടങ്ങിയവർ പല പരാതികളും ഉന്നയിച്ചിരുന്നു. എന്നാൽ അതൊക്കെ മീടു വിവാദത്തിൽ തളച്ചിടുകയായിരുന്നു.കേരളത്തിലെ സംഭവവികാസങ്ങൾ പല നടികളുടെയും പ്രതികരണശേഷി വീണ്ടും ഉണർത്തിയെന്ന് പറയാം.

ഇതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചൂടേറ്റ് കന്നട ചലച്ചിത്രമേഖലയും ശുദ്ധികലശത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വരുന്നത്. സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ രംഗത്തുവന്നു. കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരിൽ കാണുകയും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈം​ഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോ​ഗിക്കണമെന്നും ആവശ്യപ്പെട്ടു. ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) യാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകിയത്.നടിമാരും സംവിധായകരുമുൾപ്പെടെ 153 അം​ഗങ്ങളാണ് സംഘടനയുടെ പേരിൽ കത്ത് നൽകിയത്. സംഘടനയുടെ പ്രസിഡൻ്റും സംവിധായകയുമായ കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജ ​ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ,സംയുക്ത ഹെ​ഗ്ഡെ, ഹിത, നടന്മാരായ സുദീപ്, ചേതൻ അഹിംസ, തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) 2017 ജൂണിൽ മുഖ്യമന്ത്രിക്കു നൽകിയ നിവേദനമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിലേക്കു നയിച്ചത്. ഹേമ കമ്മറ്റി റിപ്പോർട്ട് കേരളത്തിലുണ്ടാക്കിയ കോളിളക്കം അയൽ സംസ്ഥാനങ്ങളിലേക്കും ഇപ്പോൾ പടരുകയാണ്.

Story Highlights : Hema Committee report impact in South Indian cinema

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here