സീറ്റ് വിഭജനത്തിലുടക്കി എഎപി-കോൺഗ്രസ് സഖ്യ ചർച്ച; ചോദിച്ചത് തന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി

ഹരിയാനയിൽ സീറ്റ് വിഭജനത്തെ ചൊല്ലി ആം ആദ്മി – കോൺഗ്രസ് സഖ്യ നീക്കം പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. എഎപിക്ക് കൂടുതൽ സീറ്റുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും എഎപി വൻ തോതിൽ സീറ്റുകൾ ജയിച്ചാൽ അത് തിരിച്ചടിയാകുമെന്നും കോൺഗ്രസ് നേതാക്കൾ ഭയക്കുന്നു.
നിലവിലെ സീറ്റ് വിഭജന ഫോർമുലയിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയാണെങ്കിൽ ഒക്ടോബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാകില്ലെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാൽ എഎപി സംസ്ഥാനത്ത് 50 സീറ്റുകളിൽ മത്സരിക്കുമെന്നാണ് വിവരം. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളായ എഎപിയും കോൺഗ്രസും സംസ്ഥാനത്ത് ബിജെപി സർക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ലോക്സഭയിൽ ഇരു പാർട്ടികളും ഒന്നിച്ച് മത്സരിച്ചതിനെ തുടർന്ന് ഇന്ത്യ മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കാനായിരുന്നു. സംസ്ഥാനത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന എഎപി നേതൃത്വം കോൺഗ്രസിലെയും ബിജെപിയിലെയും അതൃപ്തരെ പുറത്തെത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കത്തിലുമാണ്.
Read Also: വിനേഷ് ഫോഗട്ട് പോരാട്ട രംഗത്തേക്ക്; ബിജെപിക്ക് വെല്ലുവിളിയോ?
സംസ്ഥാനത്ത് അഞ്ച് മുതൽ ഏഴ് സീറ്റുകളിൽ വരെ മത്സരിക്കാനാണ് എഎപി താത്പര്യപ്പെടുന്നത്. 90 സീറ്റുള്ള സംസ്ഥാനത്ത് കഴിഞ്ഞ തവണ ഇരു പാർട്ടികളും സഖ്യത്തിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് 31 ഇടത്താണ് ജയിച്ചത്. എഎപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റിൽ മത്സരിച്ച എഎപി ഇവിടെ പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ ഇക്കുറി എഎപിക്ക് കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസ് ഒരുക്കമല്ല. ലോക്സഭയിലെ മെച്ചപ്പെട്ട പ്രകടനവും കർഷകർ ബിജെപിക്ക് എതിരായതും വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും മത്സര രംഗത്തേക്ക് എത്തുന്നതും കോൺഗ്രസ് ക്യാംപിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സെപ്റ്റംബർ 12 ന് മുൻപ് നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. ഒക്ടോബർ ഒന്നിനായിരുന്നു നേരത്തെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ബിഷ്ണോയ് സമുദായത്തിൻ്റെ എതിർപ്പിനെ തുടർന്ന് വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടുകയായിരുന്നു.
Read Also: Congress leaders reluctant to allocate more seats to AAP.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here