കസവ് മറന്നൊരു ഓണമോ?; കേരള വൈബിൽ അണിഞ്ഞൊരുങ്ങാം…
ഓണക്കാലം പൂർണമാകണമെങ്കിൽ സദ്യയും പൂക്കളവും മാത്രം പോരാ. ഓണക്കോടിയും വേണം. ഓണക്കോടിയെ കുറിച്ച് പറയുമ്പോൾ ആണുങ്ങൾക്ക് കസവുമുണ്ടും ജുബ്ബയുമാണെങ്കിൽ പെണ്ണുങ്ങൾക്ക് അത് സെറ്റുമുണ്ടും കസവു സാരിയുമാണ്. വീട്ടിലെ ചെറിയ കുട്ടികളുടെ ഓണക്കാല വേഷം കസവ് പട്ടുപാവാടയും ദാവണിയുമൊക്കെയാണ്.
എത്ര ന്യൂജെനറേഷൻ ആണെങ്കിലും കസവുടുത്ത മലയാളി തന്നെയാണ് ഓണത്തിന്റെ മുഖം. ഭംഗിക്കൊപ്പം ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നൽകുന്ന കസവു വസ്ത്രങ്ങൾ ധരിച്ച സ്ത്രീയായാലും പുരുഷനായാലും ഏത് ആൾക്കൂട്ടത്തിലും തിളങ്ങും. പലരും മോഡേൺ ആയി മാറിയെങ്കിലും ചിലരെങ്കിലും പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അല്ലെങ്കിൽ തന്നെ ജീവിതത്തിലൊരിക്കലെങ്കിലും കസവ് മുണ്ടും സെറ്റ് സാരിയുമണിഞ്ഞ് ഓണം ആഘോഷിക്കാത്ത മലയാളികൾ ആരുണ്ട്.
കസവ് സാരിയും ട്രെൻഡും
ഓണനാളിൽ കസവുടുത്ത് മുല്ലപ്പൂ ചൂടി പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങൾ അണിഞ്ഞു തനി മലയാളി മങ്കയാവാൻ ഇഷ്ടപ്പെടുന്നവരാണ് അധികമാളുകളും. മുൻ കാലങ്ങളിൽ കസവ് സാരിയെന്നാൽ പരിമിതമായ ഡിസൈനുകളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ പലതരം ഡിസൈനുകളിൽ കസവ് സാരികൾ ലഭ്യമാണ്. കസവ് ഇഷ്ടമില്ലാത്തവർക്ക് പല നിറങ്ങളിൽ പ്രിന്റുകളുള്ള കരയോടുകൂടിയ കസവ് സാരികൾ ലഭിക്കും. സ്ത്രീകളുടെ കസവ് സാരി മാത്രമല്ല, പുരുഷന്മാരുടെ കസവ് മുണ്ടും അതിന് അനുയോജ്യമായ ഷർട്ടുകളും ഓണക്കാലത്ത് പ്രധാന കാഴ്ചയാണ്.
കസവ് സാരിയ്ക്ക് മനോഹാരിത കൂട്ടാൻ വിവിധ തരത്തിലുള്ള സ്റ്റോണുകളും മുത്തുകളും പതിച്ച മോഡലുകൾ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അല്പം ഹെവിയായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ മോഡൽ കസവ് സാരികൾ. നിറങ്ങളും മുത്തുകളും കൂടെ ചേർന്ന മനോഹരമായ ഇത്തരം സാരികൾ പുതിയ ട്രെൻഡ് ആയി മാറാൻ പോകുകയാണ്.
ധാവണി സെറ്റ്
കസവ് സാരിയ്ക്കൊപ്പം തന്നെ പ്രിയങ്കരമാണ് ധാവണി സെറ്റുകൾ. കസവിൽ തീർത്ത മനോഹരമായ ധാവണി സെറ്റുകൾ വിപണിയിൽ ലഭ്യമാണ്. സാരിയേക്കാൾ കൂടുതലായി പുതിയ രീതിയിലുള്ള ഡിസൈനുകൾ ധാവണികളിൽ കാണാറുണ്ട്. വ്യത്യസ്തമായ പല ഫാഷനുകളും കസവ് ധാവണികളിൽ കാണാം.
കസവിൽ തെളിയും മ്യൂറൽ ചിത്രങ്ങൾ
പഴയകാലത്തെ മുണ്ടും നേരിയതും പുതു തലമുറയുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായി മാറ്റിയപ്പോൾ വ്യത്യസ്തതകൾ ഒരുപാട് വന്നു. കസവ് സാരിയുടെ മുന്താണിയിലും ബോർഡറുകൾക്ക് അരികിലും മനോഹരമായ മ്യൂറൽ ചിത്രങ്ങൾ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്വർണ നിറത്തിലുള്ള കസവുകൾക്ക് പകരമായി പല നിറങ്ങളിലുള്ള ബോർഡറുകളും അതിൽ മനോഹരമായ പ്രിന്റുകളും നിറഞ്ഞ കസവ് വസ്ത്രങ്ങൾ പുതിയ കാലത്തെ സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു.
പരുഷന്മാർക്ക് തിളങ്ങാൻ
പരുഷന്മാർക്ക് ഓണത്തിന് തിളങ്ങാൻ വിപണിയിൽ പലതരം കസവ് വസ്ത്രങ്ങൾ ലഭ്യമാണ്.ഓണക്കാലത്ത് ഷർട്ടുകളിൽ പല തരം ട്രെൻഡുകൾ എത്തിയിട്ടുണ്ട്. അജ്-രക് ഷർട്ടുകൾക്ക് പ്രിയമേറിയിട്ടുണ്ട്. ജുബ്ബയും ഒറ്റ നിറം ഷർട്ടുകളുമൊക്കെ പുരുഷന്മാർക്ക് പ്രിയപ്പെട്ടതാണ്.
Story Highlights : ‘Kasavu’ Trends Glam up for Onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here