Advertisement

സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു? 14-അംഗ സ്റ്റാറ്റിസ്റ്റിക്‌സ് സമിതി കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു

September 9, 2024
Google News 4 minutes Read
Centre to Dissolve Pronab Sen-led Statistics Committee

150 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ കാനേഷുമാരി മുടങ്ങിയതിനെ തുടര്‍ന്നുള്ള ആശങ്കകള്‍ നിലനില്‍ക്കെ, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രണബ് സെന്നിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് സമിതി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പിരിച്ചുവിട്ടു. സമിതിയുടെ പ്രവര്‍ത്തനം അടുത്തിടെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനവുമായി സമാനമായതാണ് പിരിച്ചുവിടലിന് കാരണമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഗീത സിംഗ് റാത്തോഡ് അയച്ച ഇ-മെയിലില്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. (Centre to Dissolve Pronab Sen-led Statistics Committee)

എന്നാല്‍, സമിതി പിരിച്ചുവിടാനുള്ള കാരണങ്ങളൊന്നും അംഗങ്ങളെ അറിയിച്ചിട്ടില്ല എന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രണബ് സെന്‍ പറഞ്ഞു. സെന്‍സസ് എന്തുകൊണ്ട് ഇതുവരെ നടത്തുന്നില്ല എന്ന് സമിതിയുടെ യോഗങ്ങളില്‍ തങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ഏറ്റവും കാര്യക്ഷമമായ സെന്‍സസ് സംവിധാനമാണ് ഇന്ത്യിലേത്. 1870-കള്‍ മുതല്‍ ഓരോ പത്തു വര്‍ഷം കൂടുമ്പോഴും നടത്തുന്ന കണക്കെടുപ്പ് അവസാനം നടത്തിയത് 2011-ലാണ്. 2021-ല്‍ നടക്കേണ്ട സെന്‍സ്സ് കൊവിഡ്-19 കാരണം വൈകി എന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും, മൂന്ന് വര്‍ഷം വൈകിയ സെന്‍സസ് ഇനി എന്ന് നടത്തും എന്ന് ഒരറിയിപ്പും ഇല്ല.

Read Also: ‘ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്’; ബി.എസ്.എഫ് പദ്ധതി ഫലപ്രദം

അങ്ങനെ ഏറ്റവും പുതിയ സെന്‍സസ് നടത്തിയിട്ടില്ലാത്ത 44 ലോകരാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. യുദ്ധവും തീവ്രസാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നത് കാരണം സെന്‍സസ് നടത്താത്ത അഫ്ഗാനിസ്ഥാന്‍ ഉക്രെയ്ന്‍, യെമന്‍, സിറിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും സെന്‍സസിന് നേരെ മുഖം തിരിച്ചുനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആയി. പാകിസ്താന്‍ വരെ 2023ല്‍ സെന്‍സസ് നടത്തി. ഏറ്റവും ജനസംഖ്യയുള്ള പത്ത് രാജ്യങ്ങളില്‍ ഇന്ത്യയും നൈജീരിയയും മാത്രമാണ് ഇതുവരെ സെന്‍സസ് നടത്താത്തത്. ചൈന, യു.എസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ 2020-ല്‍ അവരുടെ ഏറ്റവും പുതിയ സെന്‍സസ് റൗണ്ട് നടത്തി.

ഇന്ത്യയിലെ മിക്ക സര്‍വേകള്‍ക്കും ഉപയോഗിക്കുന്ന ഡാറ്റാ സെറ്റുകള്‍ ഇപ്പോഴും 2011 ലെ സെന്‍സസില്‍ നിന്നാണ് എടുക്കുന്നത്, ഇത് അവയുടെ കൃത്യതയെയും ഗുണനിലവാരത്തെയും ബാധിക്കുന്നതായി നിരവധി സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2023 ജൂലൈയില്‍ രൂപീകരിച്ച എസ്സിഒഎസ്, സാമ്പിള്‍ ഫ്രെയിം, സാംപ്ലിംഗ് ഡിസൈന്‍, സര്‍വേ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍വേ രീതിശാസ്ത്രത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കാനും സര്‍വേകളുടെ ഒരു ടാബുലേഷന്‍ പ്ലാന്‍ അന്തിമമാക്കാനും ഉദ്ദേശിച്ചിരുന്നു.

ഒട്ടുമിക്ക സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേകള്‍ക്കും ഉപയോഗിക്കുന്ന ഡാറ്റാ സെറ്റുകള്‍ ഇപ്പോഴും 2011 ലെ സെന്‍സസില്‍ നിന്നാണ് എടുക്കുന്നത്, ഇത് അവയുടെ കൃത്യതയെയും ഗുണനിലവാരത്തെയും ബാധിക്കും.

സര്‍വേ രീതിശാസ്ത്രത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കാനും സര്‍വേകളുടെ ഒരു ടാബുലേഷന്‍ പ്ലാന്‍ അന്തിമമാക്കാനുമാണ് 2023 ജൂലൈയില്‍ 14-അംഗ സ്റ്റാറ്റിസ്റ്റിക്‌സ് സമിതി രൂപീകരിച്ചത്. സമിതി നിരവധി മീറ്റിംഗുകള്‍ നടത്തുകയും ഇന്ത്യയിലെ സര്‍വേകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ‘സെന്‍സസ് നടത്തുന്നതിന്റെ അഭാവം ആ ചര്‍ച്ചകളിലെല്ലാം പ്രകടമായി,’ പിരിച്ചുവിടപ്പെട്ട സമിതി അധ്യക്ഷന്‍ പ്രണബ് സെന്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ‘ഓരോ ഡാറ്റാ സെറ്റും സമിതിക്ക് മുമ്പാകെ വന്നപ്പോഴും, അംഗങ്ങള്‍ സെന്‍സസിന്റെ ആവശ്യകതയെ കുറിച്ച് പറയുകയും അത് നടത്തുന്നതിലെ കാലതാമസത്തെ ചോദ്യം ചെയ്യുകയും ചെയ്തു.’

”രാജ്യത്തിന്റെ നയങ്ങള്‍ ശാസ്ത്രീയമായി തീരുമാനിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ് സെന്‍സസ്. ഇത് നടത്താനുള്ള കാലതാമസത്തെ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു, അതുകൊണ്ടായിരിക്കാം സമിതിയെ പിരിച്ചുവിട്ടത്, ‘ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു അംഗം ദി ഹിന്ദുവിനോട് പറഞ്ഞു. സമിതി പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. 2021-ല്‍ സെന്‍സസ് നടത്താത്തത് കൊണ്ട് 10 കോടി ഇന്ത്യക്കാര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപെട്ടു എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സെന്‍സസ് കാലതാമസം നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഗുണനിലവാരത്തെ മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്വ്യവസ്ഥ, കുടിയേറ്റം, കുടുംബങ്ങളുടെ സാമ്പത്തിക വൈവിധ്യം, നഗരവല്‍ക്കരണത്തിന്റെ വ്യാപ്തി, ദാരിദ്ര്യം, അസമത്വം എന്നിവ കണക്കാക്കുന്നതിനെയും ബാധിച്ചു. അതിനിടെ സെന്‍സസ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

Story Highlights : Centre to Dissolve Pronab Sen-led Statistics Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here