Advertisement

ഗൗരവമുള്ള വിഷയം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഇടപെട്ട് സിപിഐ ദേശീയ നേതൃത്വം

September 9, 2024
Google News 1 minute Read

എഡിജിപി അജിത് കുമാർ- ആർഎസ്എസ് വിവാദ കൂടിക്കാഴ്ചയിൽ ഇടപെട്ട് സിപിഐ ദേശീയ നേതൃത്വം. സിപിഐ സംസ്ഥാന ഘടകത്തോട് പാർട്ടി ദേശീയ നേതൃത്വം റിപ്പോർട്ട് തേടി. കൂടികാഴ്ച ഗൗരവമുള്ള വിഷയമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ട്വന്റിഫോറിനോട് പറഞ്ഞു.
കൂടിക്കാഴ്ച എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കൂടിക്കാഴ്ചയുടെ പ്രത്യാഘാതങ്ങൾ എന്തെന്നും , തൃശ്ശൂരിലെ പരാജയത്തിന് കാരണമായോ എന്നതും പരിശോധിക്കാൻ സംസ്ഥാനഘടകത്തോട് നിർദേശിച്ചെന്നും ഡി.രാജ പറഞ്ഞു.

അതിനിടെ എഡിജിപി അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. ഉദ്യോഗസ്ഥർ ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് സാധാരണ രീതിയാണെന്നും പാർട്ടിയുടെ പ്രവർത്തനമല്ല സർക്കാരിന്റെതെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസ് സുഹൃത്തുക്കളും. കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴി‌ഞ്ഞ വർഷമാണ് എഡിജിപി എംആർ അജിത്ത് കുമാർ- ആർഎസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്.

2023 മെയ് 22 ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. 2023 ജൂൺ 2 നാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച നടന്നത്. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്.

സുഹൃത്തിൻറെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം. ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ്. നേതാവിനെ കണ്ടത് ഇൻറലിജൻസ് റിപ്പോർട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

Story Highlights : CPI On ADGP-RSS meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here