ഐഎസ്എല്‍ 11-ാം പതിപ്പ് 13 മുതല്‍; 13 ടീമുകള്‍ മാറ്റുരക്കും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2024-25 സീസണ്‍ സെപ്റ്റംബര്‍ 13 ന് ആരംഭിക്കും. ഐഎസ്എല്ലിന്റെ 11-ാം പതിപ്പാണിത്. ഐ-ലീഗില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ എസ്.സി കൂടി ടൂര്‍ണമെന്റിലേക്ക് എത്തിയതോടെ ഇത്തവണ 13 ടീമുകളായിരിക്കും മാറ്റുരക്കുക.
പഞ്ചാബ് എഫ്സിക്ക് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ ടീമാണ് മുഹമ്മദന്‍ എസ്.സി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് (എഎഫ്സി) എന്നീ കമ്മിറ്റികളുടെ മാനദണ്ഡപ്രകാരമായിരിക്കും പ്രമോഷനുകള്‍ നടത്തുക. കഴിഞ്ഞ സീസണിലെ ഐ-ലീഗ് ജേതാക്കളായാണ് മുഹമ്മദന്‍ എസ്.സി ഐഎസ്എല്ലിലെത്തിയത്.ഐഎസ്എല്ലിലെ 13 ടീമുകളും രണ്ട് കിരീടങ്ങള്‍ക്കായി മത്സരിക്കും. ഐഎസ്എല്‍ ഷീല്‍ഡ്, ഐഎസ്എല്‍ കപ്പ് എന്നീ കപ്പുകളാണ് ടീമുകള്‍ ലക്ഷ്യമിടുന്നത്. ലീഗിന്റെ അവസാന ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിനാണ് ഷീല്‍ഡ് നല്‍കുന്നത്. 2019-20 വര്‍ഷത്തിലാണ് ഷീല്‍ഡ് ആദ്യമായി അവതരിപ്പിച്ചത്.
Read Also: ISL കപ്പ് ആര് നേടും? ചാമ്പ്യന്മാരാകാൻ മുംബൈ; കപ്പ് നിലനിർത്താൻ മോഹൻ ബഗാൻ
ലീഗ് അവസാനിക്കുമ്പോള്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്കാണ് ഐഎസ്എല്‍ കപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലെത്തുന്നു. മറ്റ് നാല് ടീമുകള്‍ സെമിഫൈനലിലെത്താന്‍ ഒരു പ്ലേഓഫില്‍ മത്സരിക്കും. നിലവിലെ ഐഎസ്എല്‍ ഷീല്‍ഡ് ചാമ്പ്യന്മാരായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് പുതിയ സീസണില്‍ പ്രവേശിക്കും. 48 പോയിന്റുമായി അവര്‍ ലീഗില്‍ ഒന്നാമതെത്തി. മോഹന്‍ ബഗാനും ഒഡീഷ എഫ്സിയെ തോല്‍പ്പിച്ച് ഐഎസ്എല്‍ കപ്പ് ഫൈനലിലെത്തിയിരുന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ 3-1ന് പരാജയപ്പെടുത്തിയായിരുന്നു മുംബൈ സിറ്റി എഫ്സി രണ്ടാം തവണയും ഐഎസ്എല്‍ കപ്പ് സ്വന്തമാക്കിയത്.
Story Highlights : ISL 11th Edition 13 onward
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here