‘പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ട്, എന്നേ ജയിലില്‍ പോകേണ്ടതായിരുന്നു’; കെ സുധാകരൻ
പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അല്ലെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ടതായിരുന്നു. പിണറായി വിജയന്‍ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് തന്നെ ഇടതുപക്ഷത്തിന് അപമാനമാണ്.
ആര്‍എസ്എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആര്‍എസ്എസ് ബന്ധം തെളിഞ്ഞതിന്റെ വിഭ്രാന്തിയിലാണ് മറ്റുള്ളവരുടെ മേല്‍ കുതിരകയറാന്‍ ഇറങ്ങിയത്.പ്രകടമായ ആര്‍എസ്എസ് ബന്ധത്തിലൂടെ സിപിഐഎം അവരെ ഇത്രയും നാള്‍ വിശ്വസിച്ച ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.
എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടത്? കൂടിക്കാഴ്ചയുടെ അജണ്ടയെന്തായിരുന്നു? ആരുപറഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച ? മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? ഇത്രയും നാള്‍ എന്തുകൊണ്ട് എഡിജിപിക്ക് എല്ലാ അധികാരത്തോടെയും തുടരാന്‍ അനുവാദം നല്‍കി? മുഖ്യമന്ത്രിക്ക് തന്റേടത്തോടെ മറുപടിപറയാന്‍ ധൈര്യമുണ്ടോ? വലിയ ഗീര്‍വാണം മുഴക്കിയിട്ട് ഇതിനൊന്നും മറുപടിപറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയെന്നും സുധാകരന്‍ പറഞ്ഞു.
ബിജെപിയും സിപിഐഎമ്മും പരസ്പരം സഹായസംഘങ്ങളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയെ ജയില്‍ പോകാതെ ബിജെപി സംരക്ഷിക്കുമ്പോള്‍, ബിജെപി അധ്യക്ഷനെതിരായ കേസുകള്‍ ഒതുക്കിതീര്‍ത്ത് പിണറായി വിജയനും സംരക്ഷിക്കുന്നു. സിപിഎമ്മും മുഖ്യമന്ത്രിയും ആര്‍എസ്എസുകാര്‍ക്ക് വിധേയരാണ്. അവരുടെ സംരക്ഷണത്തിലും സഹായത്തിലുമാണ് കഴിയുന്നത്.
പിണറായി വിജയനെ സിപിഎമ്മിനും നേതാക്കള്‍ക്കും അവരുടെ പാര്‍ട്ടി കമ്മിറ്റികള്‍ക്കും മടുത്തു. അണികള്‍ കൈവിട്ട വിഭ്രാന്തിയില്‍ പിണറായി വിജയന്‍ വായിൽ തോന്നുന്നത് വിളിച്ച് പറയുകയാണ്. തലശ്ശേരി കലാപത്തിന്റെ ഉത്തരവാദികള്‍ സിപിഐഎമ്മാണ്.
മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. ബിജെപിയുടെ മുന്‍പില്‍ അടിയറവ് പറഞ്ഞ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണ്.രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന് കോണ്‍ഗ്രസിന് സിപിഐഎമ്മിൻ്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Story Highlights : K Sudhakaran against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here