മുത്തശ്ശൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയെന്ന് കമല ഹാരിസ്, അതെങ്ങനെ ശരിയാകുമെന്ന് സോഷ്യൽ മീഡിയ
തൻ്റെ മുത്തശ്ശൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയെന്ന യു.എസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമല ഹാരിസിൻ്റെ പോസ്റ്റിനെ ചൊല്ലി അമേരിക്കയിൽ വൻ വിവാദം. ലോക ഗ്രാൻ്റ്പാരൻ്റസ് ദിനത്തിൽ തൻ്റെ ഇന്ത്യാക്കാരായ മുത്തശനെയും മുത്തശിയെയും അനുസ്മരിച്ച് പങ്കുവച്ച പോസ്റ്റിലാണ് വിവാദം. ബ്രിട്ടീഷ് ഭരണകാലത്തും പിന്നീട് സ്വതന്ത്ര ഭാരതത്തിലും കേന്ദ്ര സർവീസിൽ ഉന്നത പദവിയിലിരുന്ന പിവി ഗോപാലനാണ് കമല ഹാരിസിൻ്റെ മുത്തശൻ.
അദ്ദേഹം കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇന്ത്യയിലേക്ക് കുടിയേറാൻ വിഭജന കാലത്ത് സൗകര്യമൊരുക്കി, സാംബിയ മുൻ പ്രസിഡൻ്റ് കെന്നെത് കോണ്ടയുടെ ഉപദേശകനായി പ്രവർത്തിച്ചുവെന്നുമാണ് രേഖകൾ പറയുന്നത്. സാംബിയയിൽ ഇദ്ദേഹത്തിൻ്റെ ഭാര്യ സാമൂഹ്യ സേവനങ്ങളിൽ വ്യാപൃതയായിരുന്നു. തൻ്റെ മുത്തശൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നുവെന്നും മുത്തശി ജനകീയാസൂത്രണത്തിന് വേണ്ടി വീടുകൾ തോറും കയറിയിറങ്ങി സ്ത്രീകളെ ഉദ്ബോധിപ്പിപ്പിച്ചുവെന്നും കമല ഹാരിസ് പറയുന്നു.
ഇതിലെ വസ്തുതകളിൽ സംശയം ആരോപിച്ചാണ് വിമർശകർ രംഗത്ത് വന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഗോപാലന് എങ്ങിനെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഭാഗമായെന്നാണ് ഉയരുന്ന ആദ്യത്തെ ചോദ്യം. കമല പറയുന്നതെല്ലാം നുണയാണെന്നും വിമർകർ ആരോപിക്കുന്നു.
മദ്രാസ് പ്രസിഡൻസിക്ക് കീഴിലെ പൈങ്ങനാട് എന്ന സ്ഥലത്ത് 1911 ലാണ് പിവി ഗോപാലൻ ജനിച്ചത്. ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തെ പരസ്യമായി പിന്തുണച്ചിരുന്നെങ്കിൽ ബ്രിട്ടീഷ് സർക്കാരിൻ്റെ കാലത്ത് ജോലിയിൽ ഉണ്ടാവില്ലായിരുന്നുവെന്നാണ് മകൻ ജി ബാലചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.
Story Highlights : Kamala Harris faces heat as she lauds maternal grandfather’s feat in India’s freedom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here