Advertisement

“കേസ് ജയിച്ചിട്ട് എന്താ പരുപാടി” – വിനായകനും സുരാജും ഒപ്പം വൈറല്‍ താരങ്ങളും; ‘തെക്ക് വടക്ക്’ ട്രെയ്‌ലര്‍!

September 11, 2024
Google News 2 minutes Read
thekku vadakk

കേസും കോടതിയും വൈരാഗ്യവും ചിരിയില്‍ അവതരിപ്പിക്കുന്ന സിനിമയാണ് ‘തെക്ക് വടക്ക്’ എന്ന് വ്യക്തമാക്കുകയാണ് പുറത്തിറങ്ങിയ ട്രെയ്‌ലര്‍. വിനായകനും സുരാജും തമ്മിലുള്ള കിടിലന്‍ അഭിനയ മുഹൂര്‍ത്തങ്ങളെ ഉറപ്പിക്കുകയാണ് തെക്ക് വടക്ക് സിനിമയുടെ ട്രെയ്‌ലര്‍. ഇരുവരും കോടതിയെ കുറിച്ച് പറയുന്നതും കോടതി ദൃശ്യങ്ങളും ട്രെയ്‌ലറിലുണ്ട്. ‘കോടതി ഉണ്ടിവിടെ, എല്ലാത്തിനെയും പെടുത്തും’എന്ന് സുരാജ് പ്രത്യേകമായി പറയുന്നുണ്ട്. പണ്ടേക്കു പണ്ടേ തുടങ്ങിയ വൈരാഗ്യമാണെന്ന് സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണി, ഡോക്ടറോടും പറയുന്നുണ്ട്.

വിനായകനും സുരാജും മാത്രമല്ല, ചിത്രത്തില്‍ വൈറല്‍ താരങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുകയാണ് പുറത്തിറങ്ങിയ തെക്ക് വടക്ക് ട്രെയ്‌ലര്‍. ‘നിന്റെ അപ്പനെ ഞാന്‍ പൊതപ്പിക്കൂടാ’.ചിരിയുടെ പോര് ഉറപ്പാക്കി തെക്ക് വടക്ക് സിനിമ പുറത്തുവിട്ട ട്രെയ്‌ലര്‍ സംഭാഷണങ്ങളുടെ രസികത്തത്തിലൂടെ സിനിമയുടെ സ്വഭാവം വ്യക്തമാകുന്നു. വിനായകന്‍ അവതരിപ്പിക്കുന്ന മാധവനെ കുറിച്ചാണോ അതോ സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയെ കുറിച്ചാണോ എന്ന് വ്യക്തമല്ല, മക്കളില്‍ ഒരാള്‍ പറയുന്നു ‘അതു ചെയ്യാന്‍ ഈ പഞ്ചായത്തില്‍ അയാളേയുള്ളു’.

Read Also: മലേഷ്യ വാസുദേവൻ ട്രെൻഡിങ് നമ്പർ 1 ആയത് എങ്ങനെന്ന് ‘മനസ്സിലായോ’

സിനിമയിലെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയ തെക്ക് വടക്ക് സിനിമയുടെ ട്രെയ്‌ലറിലാണ് കഥാപാത്രങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഉള്ളത്. ആകാംഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമ പുറത്തുവിട്ട ട്രെയ്‌ലറില്‍ നിറയെ വാക്ക് പോരാണ്. ചിരിയും തമാശയും തന്നെയാണ് സിനിമയില്‍ എന്നുറപ്പാക്കുന്ന ട്രെയ്‌ലറില്‍ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറല്‍ താരനിരയുമുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണന്‍, സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററില്‍ ചിരി ഉറപ്പാക്കുമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയിലെ പോരാണ് ട്രെയ്‌ലറിന്റെയും മുഖ്യവിഷയം.

അന്‍ജന വാര്‍സ് ബാനറില്‍ അന്‍ജന ഫിലിപ്പ് നിര്‍മ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിര്‍വ്വഹിക്കുന്നത്.

റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്‍ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

സുരേഷ് രാജനാണ് ഡിഒപി. എഡിറ്റര്‍ കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യും: അയിഷ സഫീര്‍ സേഠ്, മേക്കപ്പ്: അമല്‍ ചന്ദ്ര, പ്രോഡക്ഷന്‍ കണ്‍ട്രോള്‍, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍: നിധിന്‍ ലൂക്കോസ്, സ്റ്റില്‍സ്: അനീഷ് അലോഷ്യസ്, ഡിസൈന്‍, പുഷ് 360, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്.

കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിര്‍ത്തുന്നു. പോര്, ചിരിപ്പോര് എന്ന മുഖവുരയോടെയാണ് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

തെക്ക് വടക്ക് ട്രെയ്‌ലര്‍ ഇവിടെ കാണാം:

Story Highlights : Thekku Vadakku Movie Trailer Released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here