മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും
മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ വിദ്യാർത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
വിദ്യാർത്ഥിക്ക് പനിയും കാലുവേദനയും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താൻ ആകാത്തതിനാലാണ് ആരോഗ്യ വകുപ്പ് നിപ്പ പരിശോധന കൂടി നടത്തുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനയ്ക്ക് അയക്കും. നിപ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് പരിശോധന.
രണ്ട് സ്വകാര്യ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കടുത്ത പനിയെ തുടർന്നായിരുന്നു ചികിത്സ തേടിയത്. പ്രാഥമിക ജാഗ്രത നിർദേശം സ്വീകരിക്കുന്നതിനായി ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്ന ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.
Story Highlights : Suspecting that young man died in Malappuram due to Nipah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here