അപകടത്തിന് ശേഷം വാഹനം മുന്നോട്ട് പോകാൻ നിർദേശിച്ചത് ഡോക്ടർ; ശ്രീക്കുട്ടിയ്ക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വനിതാ ഡോക്ടർക്കെതിരെ നരഹത്യാക്കുറ്റം. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അപകട ശേഷം വാഹനം മുന്നോട്ട് പോകാൻ നിർദ്ദേശിച്ചത് ഡോക്ടറെന്ന് പോലീസ്. ഇവർക്കെതിരെ പ്രേരണ കുറ്റവും ചുമത്തി.
സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും ഡോ ശ്രീക്കുട്ടി പ്രാഥമിക ശുശ്രൂഷ നൽകിയില്ല എന്നതുൾപ്പെടെ പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടും. വാഹനം ഓടിച്ചിപരുന്ന അജ്മലിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ രക്ഷപ്പെടുത്താൻ തുനിയാതെ കാർ ഡ്രൈവർ കാർ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിലായത്. അപകടം കണ്ടപ്പോൾ തന്നെ നാട്ടുകാർ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു.
വാഹനം മുന്നോട്ടെടുക്കരുത് നിർത്തൂ എന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയിൽ പെടാതെ ഡ്രൈവർ അതിവേഗം കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.
Story Highlights : Kollam Mynagappally accident case murder case charged against doctor Sreekutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here