എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ശിപാർശ; തീരുമാനമെടുക്കാതെ മുഖ്യമന്ത്രി
- ശിപാർശയിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി
- ശിപാർശ ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിക്ക് കൈമാറിയില്ല
- മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശയിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡി.ജി.പിയുടെ ശിപാർശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിക്ക് കൈമാറിയില്ല. അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി
എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, വൻതുക നൽകി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണം എന്നായിരുന്നു ശുപാർശ.
എ ഡിജിപിക്കെതിരെ ഉയർന്ന സാമ്പത്തികാരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാൻ ആകില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം. എന്നാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് അഞ്ചു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. അന്വേഷണം വൈകുന്നതിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി.
അതേ സമയം ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമേ അന്വേഷണം ആരംഭിക്കാൻ ആകൂ എന്ന നിലപാടിലാണ് വിജിലൻസ്. ഇതിനിടെ അജിത് കുമാർ ആഡംബര വീട് നിർമ്മിക്കുന്നത് അന്വേഷിക്കണമെന്ന എറണാകുളം സ്വദേശിയുടെ പരാതി വിജിലൻസിന്റെ പരിഗണനയിലാണ്.
Story Highlights : CM not taking decision in Recommendation for vigilance probe against ADGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here