കാർ തടഞ്ഞു നിർത്തിയ നാട്ടുകാർ അജ്മലിനെ കയ്യേറ്റം ചെയ്തു; പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ 24 ന് . അപകടത്തിന് ശേഷം കരുനാഗപ്പളി ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ ഇവരുടെ വാഹനം തടഞ്ഞ് നിർത്തിയത് പിൻതുടർന്ന് എത്തിയവരാണ്. ബൈക്കിൽ എത്തിയവർ അജ്മലിനെ മർദ്ധിച്ചതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കാർ തടഞ്ഞു നിർത്തിയതിനെ തുടർന്ന് അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും പ്രദീപ് എന്നയാളുടെ വീട്ടിലേക്കാണ് ഓടി കയറുന്നത്. പിന്നീട് വീടിന്റെ പിൻവശത്തൂടെ മതിൽ ചാടി അജ്മൽ രക്ഷപ്പെടുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് അജ്മൽ കയറുകയായിരുന്നുവെന്ന് പ്രദീപ് പറയുന്നു. വീട്ടിലെ ഉപകരണങ്ങളെല്ലാം തട്ടിമറിച്ച് അജ്മൽ റൂമിലേക്ക് കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് ശ്രീക്കുട്ടി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് എത്തുന്നത്. പിൻതുടർന്ന് എത്തിയവർ അക്രമിക്കുമെന്ന ഭയം ഡോക്ടർ ശ്രീക്കുട്ടി പങ്കുവെച്ചെന്ന് പ്രദീപ് ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: യുവതിയെ കാറ് കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതി അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്
അതേസമയം, പ്രതിയായ അജ്മലിനെ മർദിച്ച സംഭവത്തിലും കേസെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് കരുനാഗപ്പളി പൊലീസ്. സുഹൃത്തിനും കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസ് എടുക്കുക. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ വീട്ടിൽ എത്തിയപ്പോൾ അജ്മലിന് മർദ്ദനമേറ്റിരുന്നു.
അജ്മലിൻ്റെ വൈദ്യ പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. തനിക്ക് മർദ്ദനമേറ്റെന്ന് അജ്മൽ പൊലീസിന് മൊഴി നൽകിയിരുന്നു.
കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതിൽ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.
കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.
Story Highlights : kollam mynagappally car accident Footage of the arrest of the accused to Twentyfour news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here