Advertisement

വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കും; തെക്കൻ ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ

September 19, 2024
Google News 1 minute Read

തെക്കൻ ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ പ്രതിരോധ സേന. വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അതിർത്തിയിൽ ബോംബ് സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചെന്ന് ഐഡിഎഫ് അറിയിച്ചു. പേജർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് വ്യോമാക്രമണം ഇസ്രയേൽ പ്രതിരോധ സേന ആരംഭിച്ചിരിക്കുന്നത്.

അതിനിടെ, പേജർ ആക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ളയും രംഗത്തെത്തി. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയെങ്കിലും മുട്ടുമടക്കില്ലെന്ന് ഹസ്സൻ നസറള്ള പ്രതികരിച്ചു. ഇസ്രയേൽ എല്ലാ അതിർവരമ്പുകളും ലംഘിച്ചെന്ന് ഹസ്സൻ നസറള്ള പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപനം. ലെബനനിൽ ഹിസ്ബുല്ലയുടെ വിവിധ ആശയവിനിമയ സംവിധാനങ്ങൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 37 ആയി.

രണ്ട് ദിവസം മുമ്പാണ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. 12 പേർ കൊല്ലപ്പെട്ടു. മൂവായിരത്തോളം പേർക്ക് പരുക്കേറ്റു. അഞ്ച് മാസം മുമ്പ് തായ്വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽ ഹിസ്ബുള്ള 5000 പേജറുകൾക്ക് ഓർഡർ നൽകിയെന്നും ഇത് ഇസ്രയേൽ ചാര സംഘടന മൊസാദ് മണത്തറിഞ്ഞെന്നുമാണ് അനുമാനം. ഹംഗറിയിലെ മറ്റൊരു കമ്പനിയിലാണ് പേജറുകൾ നിർമിച്ചത്. നിർമാണ സമയത്ത് തന്നെ ഇസ്രയേൽ ഏജന്റുമാർ പേജറുകളിൽ മൂന്ന് ഗ്രാം സ്ഫോടക വസ്തു ഒളിപ്പിച്ചു. ഏതെങ്കിലും ഘട്ടത്തിൽ ഹിസ്ബുള്ളയുമായി തുറന്ന യുദ്ധത്തിലേക്ക് കടന്നാൽ പ്രയോഗിക്കാനുള്ള മുൻകരുതലായിരുന്നു ഇത്. എന്നാൽ ഹിസ്ബുള്ളയിലെ ചിലർക്ക് സംശയമുള്ളതായി വിവരം ലഭിച്ചതോടെ ഇലക്ട്രോണിക് ആക്രമണം ഇസ്രയേൽ നേരത്തെ ആക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: പേജർ പൊട്ടിത്തെറി: റേഡിയോ സിഗ്നൽ വഴി ബാറ്ററി ചൂടാക്കി പൊട്ടിച്ചതോ അല്ല സ്ഫോടക വസ്തുവോ? ഉത്തരം തേടി ഹിസ്ബുല്ല

പേജർ സ്ഫോടനത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ വോക്കി ടോക്കികൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ബെയ്റൂത്തിന് സമീപ പ്രദേശങ്ങളിൽ ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങൾ വിറച്ചു. ബെയ്റൂട്ടിൽ പേജർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട നാല് പേരുടെ സംസ്‌ക്കാര ചടങ്ങിനിടെ വോക്കി ടോക്കികൾ പൊട്ടിത്തെറിച്ചാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. മരണ സംഖ്യ പേജർ ആക്രമണത്തിന്റെ ഇരട്ടിയായി. വോക്കി ടോക്കികൾക്ക് പുറമേ, മൊബൈൽ ഫോണുകളും സോളാർ ബാറ്ററികളും കാർ ബാറ്ററികളുമെല്ലാം പൊട്ടിത്തെറിക്കുന്നത് ഹിസ്ബുള്ളയെ മാത്രമല്ല, ലെബനനിലെ സാധാരണ ജനങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

ഹിസ്ബുള്ളയുടെ ആശയവിനിമ സംവിധാനങ്ങൾ അപ്പാടെ തകരാറിലായി. നാശനഷ്ടമുണ്ടാക്കുക എന്നതിനേക്കാൾ ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ളയുടെ ആത്മവിശ്വാസത്തെ ആക്രമിക്കുക എന്നതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പൊട്ടിത്തെറിച്ച പേജറുകളുമായി ബന്ധമില്ലെന്നും ഇവ യൂറോപ്യൻ നിർമിതമാണെന്നുമാണ് തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ വിശദീകരണം. ആക്രമണത്തിലെ പങ്ക് ഇസ്രയേലും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. എന്നാൽ ഇസ്രയേലിന് കനത്ത തിരിച്ചടി നൽകുമെന്നാണ് ഹിസ്ബുള്ളയുടെ പ്രഖ്യാപനം. ഇറാനും ഇസ്രയോലിനെതിരെ നിലപാട് കടുപ്പിച്ചു. റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിന് എതിരെ രംഗത്തെത്തി. പുകയുന്ന പശ്ചിമേഷിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ. ഗസ്സയിൽ വെടിനിർത്തലിനുള്ള ചർച്ചകൾക്കും കനത്ത തിരിച്ചടിയാണ് ഇലക്ട്രോണിക്സ് പൊട്ടിത്തെറികൾ.

Story Highlights : Israel attacks southern Lebanon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here