ഷിരൂർ ദൗത്യം; ഡ്രഡ്ജർ കരയ്ക്കടുപ്പിച്ചു; നാളെ രാവിലെ എട്ട് മണിയോടെ എത്തിച്ച് തിരച്ചിൽ തുടങ്ങും
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ നാളെ ഷിരൂരിലെത്തിക്കും. നാളെ രാവിലെ എട്ടു മണിയോടെ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്ന് രാത്രിയിൽ ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വെളിച്ചക്കുറവ് കാരണം ഡ്രഡ്ജർ കരയ്ക്കടിപ്പിച്ചു.
പുഴയിലെ ജലനിരപ്പ് കുറഞ്ഞ ഇടങ്ങളിലൂടെ രാത്രി ഡ്രഡ്ജർ കൊണ്ടുവരില്ല. യാത്രാമധ്യേയുള്ള രണ്ട് പാലങ്ങൾക്ക് നടുവിലുള്ള സ്ഥലത്ത് ഡ്രഡ്ജർ കരയ്ക്കടിപ്പിക്കുകയായിരുന്നു. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ വേലിയേറ്റ സമയമായതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. നാവിക സേനയുടെ മേൽനോട്ടത്തോടെയാണ് ഡ്രഡ്ജറിന്റെ പ്രവർത്തനം.
രണ്ട് മാസം കഴിഞ്ഞിട്ടും അപകടത്തിൽ കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. വിവിധ സേന വിഭാഗങ്ങളും ശാസ്ത്രീയ പരിശോധനയും നടന്നിരുന്നു. അർജുൻ ഓടിച്ച ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന മേഖല കണ്ടെത്തിയെങ്കിലും പുഴയ്ക്കടി തട്ടിലെ കല്ലും മണ്ണും വെല്ലുവിളി ഉയർത്തിയിരുന്നു. തുടർന്നാണ് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. ഡ്രഡ്ജറിന്റെ ചെലവ് പൂർണമായി വഹിക്കുന്നത് കർണാക സർക്കാരാണ്.
Story Highlights : Search for Arjun dredger will reach Shirur tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here