Advertisement

ഹിസ്ബുള്ളയുടെ പേജറുകള്‍ പൊട്ടിത്തെറിപ്പിച്ചത് ഇസ്രയേലിന്റെ യൂണിറ്റ് 8200 ? ഇസ്രയേലിന്റെ രഹസ്യ ഇന്റലിജന്‍സ് വിഭാഗത്തെ അറിയാം

September 19, 2024
Google News 2 minutes Read
unit 8200

പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌പോടനത്തിന്റെ നടുക്കത്തിലാണ് ലെബനന്‍. ചൊവ്വാഴ്ചയാണ് രാജ്യത്ത് ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളയെ ഉന്നമിട്ടായുന്നു ആക്രമണമെങ്കിലും ഇരയായത് സാധാരണക്കാരും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പടെ. അപ്രതീക്ഷിത സംഭവത്തില്‍ രാജ്യം വിലപിക്കുമ്പോഴാണ് ബുധനാഴ്ച വാക്കി – ടോക്കികള്‍ പൊട്ടിത്തെറിക്കുന്നത്.

ആരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍? ലെബനനും ഹിസ്ബുള്ളയുമെല്ലാം ഇസ്രയേലിന് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. പ്രതികരിക്കാന്‍ ജൂത രാഷ്ട്രം തയാറായിട്ടില്ല. ഇസ്രയേല്‍ സൈന്യവും ചാര സംഘടനയായ മൊസാദുമാണ് ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഘട്ടത്തിലാണ് ഇസ്രയേലിന്റെ യൂണിറ്റ് 8200 എന്ന പേര് കൂടി ഉയര്‍ന്നു കേള്‍ക്കുന്നത്. ലെബനന്‍ ആക്രമണത്തില്‍ ഈ ഉന്നത വൈദഗ്ധ്യമുള്ള സൈനിക സംഘവും ഉണ്ടെന്നാണ് സൂചന. ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത പേജറുകളില്‍ സ്‌പോടക വസ്തുക്കള്‍ ഉള്‍ച്ചേര്‍ത്തതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഇവരാണെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് ഇസ്രയേലിന്റെ യൂണിറ്റ് 8200?

സൈബര്‍ യുദ്ധങ്ങളില്‍ ഇസ്രയേലിന്റെ ആവനാഴിയിലെ ഏറ്റവും വലിയ ആയുധമാണ് യൂണിറ്റ് 8200. യുഎസിന്റെ ദേശീയ സുരക്ഷ ഏജന്‍സി, ബ്രിട്ടന്റെ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നിവയ്ക്ക് തുല്യം. 1948ല്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പിറവിയില്‍ രൂപീകരിച്ച ആദ്യകാല കോഡ് ബ്രേക്കിംഗ്, ഇന്റലിജന്‍സ് യൂണിറ്റുകളില്‍ നിന്നാണ് ഉത്ഭവം. ഇസ്രയേല്‍ സൈന്യത്തിലെ ഏറ്റവും അംഗ സംഖ്യയുള്ള ഒറ്റ സൈനിക യൂണിറ്റ്.

ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ടൂളുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ സ്‌പെഷ്യലൈസ്ഡ് ആയ സൈനിക യൂണിറ്റാണിത്. ‘സൈബര്‍ പ്രതിരോധം മുതല്‍ സാങ്കേതിക ആക്രമണങ്ങള്‍’ വരെ ഇവരുടെ ചുമതലയാണ്. ഇന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഏറ്റവും സ്വകാര്യവും സങ്കീര്‍ണവുമായ യൂണിറ്റാണിത്. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നത് മുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് വരെ നിരവധി ഓപ്പറേഷനുകള്‍ ഇവര്‍ നടത്തുന്നുണ്ട്. 5000 സൈനികരാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.

റിക്രൂട്ട്‌മെന്റ് എങ്ങനെ?

ഇസ്രയേല്‍ സൈന്യത്തിലെ ഏറ്റവും മികച്ചതും ബുദ്ധികൂര്‍മതയുള്ളതുമായ വിഭാഗമാണ് യൂണിറ്റ് 8200 എന്നാണ് മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ പ്രകീര്‍ത്തിക്കുന്നതെന്ന് റോയ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നു. ഒരു സ്റ്റാര്‍ട്ടപ്പ് പോലെയാണിത് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍പ് യൂണിറ്റ് 8200ല്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ യൂണിറ്റിന് വേണ്ടി യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ആരംഭിക്കും. സൈക്കോമെട്രിക് ടെസ്റ്റ്, കഠിനമായ അഭിമുഖങ്ങള്‍, വിദ്യാഭ്യാസ നിപുണത എന്നിവയെല്ലാം ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ആധാരമാണ്. പരിശീലനവും അതികഠിനമായിരിക്കും. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് മുതല്‍ അറബിക് ഭാഷയിലുള്ള പ്രാവീണ്യം വരെ ഇതില്‍ ഉള്‍പ്പെടും. റിക്രൂട്ട് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ ഹാക്കിങ്, എന്‍സ്‌ക്രിപ്ഷന്‍, സര്‍വെയ്‌ലന്‍സ് തുടങ്ങിയ സങ്കീര്‍ണമായ കര്‍ത്തവ്യങ്ങള്‍ ഇവരെ ഏല്‍പ്പിക്കും.

Read Also: ലെബനനിലെ സ്‌ഫോടനം; പേജർ നിർമിച്ചെന്ന വാർത്ത തള്ളി തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോ

പ്രധാന ഓപ്പറേഷനുകള്‍

ഇറാനിയന്‍ ആണവ പദ്ധതി തകര്‍ക്കാന്‍ നടത്തിയ സ്റ്റക്‌സ്‌നെറ്റ് വൈറസ് അറ്റാക്കില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നു. ലെബനന്റെ ദേശീയ ടെലികോം കമ്പനിയായ ഒഗേറോയ്ക്ക് എതിരെ 2017ല്‍ നടത്തിയ സൈബര്‍ ആക്രമണത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഒരു വിമാനത്തെ ഐ എസ് ഹൈജാക്ക് ചെയ്യുന്നതില്‍ നിന്ന് യൂണിറ്റ് 8200 സംരക്ഷിച്ചിട്ടുണ്ട്. സിറിയയില്‍ 2007ല്‍ അല്‍ കിബര്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ആണവ റിയാക്ടര്‍, ഓപ്പറേഷന്‍ ഓര്‍ച്ചാഡ് എന്ന പേരില്‍ നടത്തിയ ദൗത്യത്തില്‍ ഇസ്രയേലി പ്രതിരോധ സേനകള്‍ ആക്രമിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ സിറിയന്‍ എയര്‍ഡിഫന്‍സ് പ്രവര്‍ത്തിക്കാതിരിക്കാന്‍ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ ഹാക്കിങ് നടത്തിയത് യൂണിറ്റ് 8200 ആണ്. എന്നിരുന്നാലും, ഒക്ടോബറില്‍ തെക്കന്‍ ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണം മുന്‍കൂട്ടിക്കാണാന്‍ കഴിയാത്തതിന്റെ പേരില്‍ യൂണിറ്റ് അടുത്തിടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ യൂണിറ്റ് 8200 വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. എന്നാല്‍ ഇസ്രയേല്‍ സൈന്യം മൗനത്തിലാണ്. പ്രധാനമന്ത്രിയോ മൊസാദോ ഒന്നും തന്നെ യൂണിറ്റ് 8200ന്റെ പങ്കിനെ കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടുമില്ല.

Story Highlights : Unit 8200, Israel’s Secret Intelligence Arm Linked To Hezbollah Pager Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here