മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് ഗാന്ധി നഗറിലുള്ള വീട്ടിലെത്തിക്കുന്ന മൃതദേഹം ലെനിന്‍ സെന്ററില്‍ എത്തിക്കും. ഇതിനുശേഷം എറണാകുളം ടൗണ്‍ഹാളില്‍ ആണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് നാലിന് മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് കൈമാറും.
സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1946ല്‍ തന്റെ 17ാം വയസിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. എറണാകുളത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു . തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിരുന്നു. 1950ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായി. 22 മാസം ജയിലില്‍. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം അനുഭവിച്ചു.
എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ജനനം. മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നതാണ് ശരിയായ പേര്. എബ്രഹാം, എലിസബത്ത്, മാത്യു, തോമസ്, ജോണ്‍, ആഞ്ജില മാര്‍ഗരറ്റ്, ലാസര്‍ പരേതരായ ജോര്‍ജ്, ഫ്രാന്‍സിസ് എന്നിവര്‍ സഹോദരങ്ങളാണ്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, മുനവുറല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ.
Story Highlights : M. M. Lawrence passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here