പി.വി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക് പോസ്റ്റ്; ഇക്ബാൽ മുണ്ടേരിയോട് വിശദീകരണം തേടി ലീഗ് നേതൃത്വം

പി.വി അൻവറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിൽ നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇക്ബാൽ മുണ്ടേരിയോട് വിശദീകരണം തേടി മുസ്ലിം ലീഗ് നേതൃത്വം. ചര്‍ച്ചയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. അതിനാൽ വിശദീകരണം തൃപ്തികരമാണെങ്കിൽ തുടർ നടപടി വേണ്ടെന്നാണ് ലീഗ് തീരുമാനം.
പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നായിരുന്നു മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക് പോസ്റ്റ്. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി വി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടതെന്നും ഇക്ബാൽ മുണ്ടേരി പറഞ്ഞു.
ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യുഡിഎഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്ന് ഇക്ബാൽ മുണ്ടേരി കൂട്ടിച്ചേര്‍ത്തു.
ഈ ദുഷ്ടശക്തികൾക്കെതിരെ നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും പി വി അൻവറിനോട് മുസ്ലീം ലീഗ് നേതാവ് ഇക്ബാൽ മുണ്ടേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്ബാല്‍ മുണ്ടേരി നിലപാട് അറിയിച്ചത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ലീഗ് നേതാക്കളടക്കം പ്രതികരണവുമായി എത്തിയിരുന്നു. തുടർന്നാണ് ഇക്ബാൽ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
Story Highlights : Fb post welcoming PV Anwar: League seek explanation from Iqbal Munderi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here