കയറും ക്രാഷ് ഗാർഡും അർജുന്റെ ലോറിയുടേത് തന്നെ, സ്ഥിരീകരിച്ച് ഉടമ മനാഫ്
ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ. ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇത് അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ തെരച്ചിലിൽ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു.ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്. ഇതേ പോയിന്റിൽ നടത്തിയ തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാൻ അഞ്ച് ദിവസത്തോളം സമയം എടുക്കും.
Read Also: ഷിരൂർ ദൗത്യം; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി; തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം
അതേസമയം, ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ട്വന്റി ഫോറിനോട് പറഞ്ഞു. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.
ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന തിരച്ചിൽ നടപടികളിലും സംവിധാനത്തിലും പ്രതീക്ഷ വയ്ക്കുന്നുണ്ട്.ഈശ്വർ മാൽപേയെ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണകൂടമെന്ന് ജിതിൻ പറഞ്ഞു. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ പറഞ്ഞിരുന്നു. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിനിടെ ലക്ഷ്മൺ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാഗത്ത് നിന്ന് അസ്ഥിഭാഗം കണ്ടെത്തിയിരുന്നു.
Story Highlights : shiroor rescue, identified arjun vehicle crash Gard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here