Advertisement

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ

September 23, 2024
Google News 1 minute Read

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. വിശേഷണങ്ങൾക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്

താരപരിവേഷത്തിൽ മിന്നിത്തിളങ്ങുമ്പോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ വേഷം ചെയ്താണ് മധു മലയാള സിനിമയെ ഞെട്ടിച്ചത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപന ജോലിയുടെ ചുമതലകളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലെത്തിച്ചത്. തുടർന്ന് അമിതാഭ് ബച്ചനൊപ്പം സാഥ് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറ്റം.

നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞാടിയ കാലത്ത് മലയാളത്തിൽ രംഗപ്രവേശം. എം.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപ്പാടുകളായിരുന്നു ആദ്യ ചിത്രം. മലയാളിയുടെ വിരഹത്തിന്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാർഗ്ഗവീനിലയത്തിലെ സാഹിത്യകാരൻ , സ്വയംവരത്തിലെ വിശ്വം മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളിൽ ചിലത് മാത്രം. ഓളവും തീരവും, ഉമ്മാച്ചു,ഇതാ ഇവിടെവരെ, ഏണിപ്പടികൾ, ഒറ്റയടിപ്പാതകൾ നാടുവാഴികൾ,സ്പിരിറ്റ്‌ തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും, സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി.

എഴുപതുകളിലും എൺപതുകളിലും പി ചന്ദ്രകുമാർ- മധു കൂട്ടുകെട്ടുകളിൽ നിരവധി വിജയ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. സംവിധായകൻ, നിർമ്മാതാവ്‌ എന്നീ പതിവുകൾക്കും മീതെ ഒരു സ്റ്റുഡിയോ സ്ഥാപിക്കുന്നതിൽ വരെയെത്തിനിന്നു അദ്ദേഹത്തിന്റെ സിനിമാക്കമ്പം. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.

ടെലിവിഷൻ പരമ്പരകളിലും നിറ സാന്നിധ്യമായിരുന്ന മധു, ജെ സി ഡാനിയേൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചു രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തിരക്കുകളിൽ നിന്ന് അകലം പാലിച്ച് വിശ്രമ ജീവിതം നയിക്കുന്ന മധു, അനുയോജ്യ വേഷങ്ങൾ ലഭിച്ച മടങ്ങിവരാനും തയാറാണ്.

Story Highlights : Veteran Actor Madhu turns 91

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here