സിദ്ദിഖ് കീഴടങ്ങിയേക്കും; സുപ്രിംകോടതിയെ സമീപിച്ചാൽ തിരിച്ചടി ആയേക്കുമെന്ന് നിയമോപദേശം
ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങിയേക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തി കീഴടങ്ങാനാണ് സാധ്യത. സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയായേക്കുമെന്ന നിയമോപദേശം ലഭിച്ചതായാണ് വിവരം.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി ഏഴര മണിക്കൂർ പിന്നിട്ടിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിദ്ദിഖിനായി കൊച്ചി നഗരത്തിലും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. എറണാകുളത്തെ കാക്കനാടും ആലുവയിലുമുള്ള വീടുകളിൽ സിദ്ദിഖ് ഇല്ലെന്നാണ് വിവരം. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തിയത്.
സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മസ്‌കറ്റ് ഹോട്ടലിലെ 101 ഉ എന്ന മുറിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ജനലിലെ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 ഉയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്‍കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.
Story Highlights : Siddique may surrender in sexual harassment case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here