Advertisement

“ഏട്ടന് എണീക്കാൻ പോലും സമയം കിട്ടികാണില്ല, ഉറക്കത്തിലായിരിക്കും… രാവിലെ പോകാനായി കിടന്നതായിരിക്കും”; അർജുന്റെ സഹോദരൻ അഭിജിത്ത്

September 26, 2024
Google News 2 minutes Read
abhijith

72 ദിവസമായി മലയാളികളെയൊന്നാകെ ആശങ്കയുടെയും ആകാംഷയുടെയും മുൾമുനയിലാക്കിയ ചോദ്യങ്ങൾക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഷിരൂർ ഗംഗാവലിപ്പുഴ ഉത്തരം നൽകിയത്. മനുഷ്യരും യന്ത്രസംവിധാനങ്ങളും ചേർന്ന് നടത്തിയ അതീവ ദുഷ്‌കരമായ തിരച്ചിലിലാണ് മുപ്പതുകാരനായ അർജുന്റെ മൃതദേഹഭാഗങ്ങൾ ഉൾപ്പടെയുള്ള ലോറി കണ്ടെത്തിയത്.

“ഏട്ടൻ ഉറക്കത്തിലായിരിക്കും ഉണ്ടായിരിക്കുക, ഒന്നും അറിഞ്ഞ് കാണില്ല, രാവിലെ എണീറ്റ് പോകാനുള്ള ഓർമ്മയിൽ കിടന്നതായിരിക്കും” തകർന്ന് തരിപ്പണമായ അർജുന്റെ ലോറിക്ക് അരികെ നിന്നുകൊണ്ട് നെഞ്ചുലഞ്ഞ് സഹോദരൻ അഭിജിത്ത് പറഞ്ഞ വാക്കുകളാണിത്.

ലോറിയുടെ ക്യാബിനിൽ അര്ജുന്റെതായി ബാക്കിയായത് വീട്ടിൽ നിന്ന് കൊണ്ടുപോയ പുതയ്ക്കാനുള്ള പുതപ്പും ഷർട്ടും കളിപ്പാട്ടങ്ങളും മൊബൈൽ ഫോണുകളും മാത്രം. താനേറെ സ്നേഹിച്ച ലോറിയുടെ ക്യാബിനിൽ ഇത്രയും നാൾ അർജുൻ കിടന്നുറങ്ങി ഉറ്റവരുടെയും ഉടയവരുടെയും വിലാപങ്ങൾ ഒന്നും അറിയാതെ മകന്റെ കളിചിരികൾ കാതുകളിൽ മുഴങ്ങാതെ. കണ്ണീർവാർത്ത ഭാര്യയെയും സഹോദരിയെയും മാതാപിതാക്കളെയും അവൻ കണ്ടില്ല.

Read Also: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി

ഞാൻ വിളിച്ചപ്പോൾ അവനാ ലോറിയിൽ കിടക്കുകയായിരുന്നുവെന്നാണ് ഷിരൂർ മണ്ണിടിച്ചിലിന് തൊട്ടുമുൻപ് ഇതുവഴി കടന്നുപോയ ലോറിയുടെ ഡ്രൈവർ രക്ഷാപ്രവർത്തകരോട് പറഞ്ഞത്. അത് ശെരിയായിരുന്നു പുഴയുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും അവൻ സുഖ നിദ്രയിലായിരുന്നുവെന്നുവേണം കരുതാൻ. ഉരുൾപൊട്ടിയൊഴുകിയ മണ്ണിനും മലവെള്ളപൊക്കത്തിനുമൊപ്പം ഗംഗാവലിയുടെ ആഴങ്ങളിലേക്ക് പതിച്ച ലോറിയുടെ തകർന്ന ക്യാബിനിൽ നിന്നാണ് അർജുന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്.

അതേസമയം, അർജുന്റെ കാര്യത്തിൽ ഉത്തരമായിട്ടും ഷിരൂരിൽ രക്ഷാദൗത്യം അവസാനിച്ചിട്ടില്ല. മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥ്, ലോകേഷ് എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും സൂചനകൾക്കായി കാത്തിരിപ്പ് തുടരുകയാണ് അവരുടെ കുടുംബവും.മംഗളൂരിലെ ലാബിൽ നടക്കുന്ന ഡിഎൻഎ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും അർജുന്റെ മൃതദേഹം കുടുബങ്ങൾക്ക് കൈമാറുക. അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Story Highlights : shiroor rescue arjuns brother abhijith response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here