അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം പരിശോധനയ്ക്കയച്ചു: നടപടി തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഝാന്‍സിയിലുള്ള സര്‍ക്കാര്‍ ലാബോറട്ടറിയിലേക്കാണ് പ്രസാദം പരിശോധനയ്ക്കയച്ചത്. രാം മന്ദിറില്‍ പ്രസാദമായി നല്‍കുന്ന ഏലവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ഒരു ഭക്തന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ സംയോജിത പരാതി പരിഹാര സംവിധാനത്തിലാണ് പരാതി ലഭിച്ചത്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസാദം തയാറാക്കുന്ന ഹൈദര്‍ഗഞ്ച് എന്ന പ്രദേശത്ത് നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചു. ഝാന്‍സിയിലെ സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ (ഫുഡ്) മണിക് ചന്ദ്ര സിങ് സ്ഥിരീകരിച്ചു. പ്രതിദിനം 80,000 പാക്കറ്റോളം പ്രസാദമാണ് ക്ഷേത്രം വിതരണം ചെയ്യുന്നത്.
Read Also: ലഡു വിവാദം, തിരുപ്പതിയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം
നേരത്തെ, ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മ്മാണം പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മ്മിക്കാന്‍ പാടുള്ളൂ. അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
Story Highlights : Ayodhya Ram Temple sends prasad for testing amid Tirupati laddu controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here