പോക്കറ്റ് കാലിയാകുമെന്ന് കരുതി യാത്ര മുടക്കേണ്ട; കുറഞ്ഞ ചെലവില്‍ ഈ രാജ്യങ്ങളില്‍ പോകാം
പോക്കറ്റ് കാലിയാകുമെന്ന പേടിയില്‍ വിദേശ യാത്രകൾ മുടക്കേണ്ട. കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാർക്ക് കണ്ടുവരാവുന്ന അടിപൊളി രാജ്യങ്ങളുണ്ട്. കഴിക്കാന്‍ രുചികരമായ സ്ട്രീറ്റ് ഫുഡും താമസത്തിന് ഹോട്ടലുകളുമെല്ലാം തിരഞ്ഞെടുത്താല്‍ താങ്ങാനാവുന്ന ചെലവില്‍ ഇവിടങ്ങളില്‍ യാത്ര ചെയ്യാനാകും. മാത്രമല്ല ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെയും വിസ ഓണ്‍ അറൈവലായും (മുന്‍കൂര്‍ വിസ എടുക്കാതെ) യാത്ര ചെയ്യാന്‍ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ സന്ദർശിക്കാവുന്ന ചില രാജ്യങ്ങള്‍ ഇവയാണ്.
വിയറ്റ്നാം
ബജറ്റ് യാത്രകള്‍ നോക്കുന്നവർക്ക് അധികം ചെലവില്ലാതെ പോയിവരാവുന്ന ഇടമാണ് വിയറ്റ്‌നാം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളും സാഹസിക വിനോദാനുഭവങ്ങളുമെല്ലാമുള്ള രാജ്യമാണ് വിയറ്റ്‌നാം. മൈ ഖേ, കുവാ ദായി തുടങ്ങിയ ബീച്ചുകളും ഹനോയ്, ഹോ ചി മിൻ, ഡാ നാങ് തുടങ്ങിയ നഗരങ്ങളുമെല്ലാം പ്രശസ്തമാണ്. ടെമ്പിൾ ഓഫ് ലിറ്ററേച്ചർ, ദി ഗോൾഡൻ ബ്രിഡ്ജ്, ദി മാർബിൾ മൗണ്ടൻസ്, വിയറ്റ്നാം മിലിട്ടറി ഹിസ്റ്ററി മ്യൂസിയം, ക്യാറ്റ് ടിയാൻ നാഷണൽ പാർക്ക് തുടങ്ങിയ ആകര്‍ഷണങ്ങളുമുണ്ട്. താങ്ങാനാവുന്ന താമസ സൗകര്യങ്ങളും പോക്കറ്റ് ഫ്രണ്ട്ലി സ്ട്രീറ്റ് ഫുഡുമെല്ലാമുള്ളതിനാല്‍, ഒരു ലക്ഷം രൂപയില്‍ താഴെ ചെലവില്‍ വളരെ എളുപ്പത്തില്‍ പോയി വരാവുന്ന ഇടമാണ് വിയറ്റ്നാം.
ശ്രീലങ്ക
ട്രെക്കര്‍മാരുടെയും ബീച്ച് പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ് ശ്രീലങ്ക. ഹോർട്ടൺ പ്ലെയിൻസ് നാഷണൽ പാർക്ക്, യാല നാഷണൽ പാർക്ക്, സിഗിരിയ, ഹന്താന പർവതനിരകൾ എന്നിങ്ങനെ മനോഹരമായ ഒട്ടേറെ ഹൈക്കിങ് സ്പോട്ടുകളും ശ്രീലങ്കയിലുണ്ട്. ഗാലെ, ബെന്റോട്ട, നുവാര ഏലിയ, എല്ല, കാൻഡി തുടങ്ങിയവയാണ് സന്ദര്‍ശിക്കേണ്ട മറ്റു ചില സ്ഥലങ്ങള്‍. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയം ശ്രീലങ്കന്‍ യാത്രയ്ക്ക് ഏറ്റവും മികച്ചതാണ്.
തായ്‌ലൻഡ്
ആഡംബരം വേണമെങ്കില്‍ ആഡംബരം, ബജറ്റ് യാത്ര ചെയ്യണമെങ്കില്‍ അങ്ങനെ… ഏതുതരം സഞ്ചാരികൾക്കും തായ്‌ലൻഡിലേക്ക് ധൈര്യമായി പോരാം. ഫുകേത്, ക്രാബി, കോ സമുയി, ചിയാങ് റായ്, ഖാവോ യായ് നാഷണൽ പാർക്ക്, ഫി ഫി ദ്വീപുകൾ, ഗ്രാൻഡ് പാലസ്, വാട്ട് അരുൺ ക്ഷേത്രം എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകള്‍ ഇവിടെയുണ്ട്. കൂടാതെ കുറഞ്ഞ ചെലവില്‍ മസാജ് പോലുള്ള സേവനങ്ങള്‍ക്കും തായ്‌ലൻഡ് പ്രശസ്തമാണ്. ബീച്ചുകളും നൈറ്റ്ലൈഫും പാര്‍ട്ടിയും പ്രകൃതി ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം സമ്മേളിക്കുന്ന തായ്‌ലൻഡിൽ ഇന്ത്യയില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ പോയി വരാം.
ഇൻഡോനേഷ്യ
ദ്വീപുകളുടെ രാജ്യം, ഇന്ത്യൻ രൂപ വച്ച് അടിച്ചു പൊളിക്കാൻ പറ്റിയ രാജ്യമാണ് ഇൻഡോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 180 ഇന്ത്യനോഷ്യന്‍ റുപിയ.
ഫിലിപ്പീൻസ്
സാധാരണക്കാരുടെ ബജറ്റിന് താങ്ങാനാവുന്ന ഹോട്ടലുകൾ , ഭക്ഷണം , ബജറ്റ് ഫ്ലൈറ്റുകൾ എന്നിങ്ങനെ വളരെ കുറഞ്ഞ ചെലവില്‍ പോയി കണ്ടുവരാവുന്ന മറ്റൊരു ഇടമാണ് ഫിലിപ്പീൻസ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രകൃതി സ്നേഹികൾക്കും അനുയോജ്യമായ ഇടമാണ് ഇവിടം. സിപ്പ്-ലൈൻ, കയാക്കിങ്, മൗണ്ടൻ ബൈക്കിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ ഇവിടെ വ്യാപകമായി കാണാനാകും.ബോറാകെ, സെബു, മനില, കോറൺ ഐലൻഡ്, പലാവാൻ ദ്വീപ് എന്നിങ്ങനെ ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഒരുപാടുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെ മികച്ച കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.
കംബോഡിയ
ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍വിസയില്ലാതെ യാത്രചെയ്യാന്‍ സാധിക്കുന്ന മറ്റൊരു മനോഹരമായ രാജ്യമാണ് കംബോഡിയ. വാസ്തുവിദ്യാ പ്രേമികളുടെയും പ്രകൃതി സ്നേഹികളുടെയും ഭക്ഷണപ്രിയരുടെയും പ്രിയപ്പെട്ട ഇടമാണ് കംബോഡിയ. പഞ്ചാരമണല്‍ ബീച്ചുകള്‍ക്കും തോം, ടാറ്റായി വെള്ളച്ചാട്ടം പോലുള്ള പ്രകൃതിദത്തമായ ആകർഷണങ്ങൾക്കും പേരുകേട്ട കംബോഡിയയിലൂടെയുള്ള യാത്രയ്ക്കും അധികം ചെലവില്ല. ഒരു സ്ഥലത്ത് നിന്നും അടുത്ത സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കു ബൈക്കുകൾ വാടകയ്‌ക്കെടുക്കാം. ഖെമർ നൂഡിൽസ്, അമോക്ക്, കാരി സച്ച് മോൻ തുടങ്ങിയ വിഭവങ്ങള്‍ ഇവിടുത്തെ വഴിയോരങ്ങളില്‍ കുറഞ്ഞ ചെലവില്‍ സുലഭമായി കിട്ടും. മിതമായ നിരക്കിൽ താമസിക്കാനുള്ള ഹോട്ടലുകള്‍ എങ്ങും കാണാം. ഓണ്‍ അറൈവല്‍ വിസയില്‍ 30 ദിവസം വരെ താമസിക്കാം.
നേപ്പാള്‍
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹരമായ രാജ്യത്താണ് എവറസ്റ്റ് ഉള്‍പ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണവും സ്ഥിതി ചെയ്യുന്നത്. പൊഖാറ അന്നപൂര്‍ണ ട്രെക്കിങ് സര്‍ക്യൂട്ട്, ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗര്‍മാതാ നാഷണല്‍ പാര്‍ക്ക്, കാഠ്മണ്ഡു താഴ്വര, ചിത്വാന്‍ ദേശീയ ഉദ്യാനം തുടങ്ങി നിരവധി കാഴ്ചകളാണ് നേപ്പാളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാള്‍ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. ബാക്ക്പാക്കിങ് ടൂറിസ്റ്റുകളുടെ സ്വപ്ന ഡെസ്റ്റിനേഷനാണ് നേപ്പാള്‍. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പോക്കറ്റ് കീറാതെ എളുപ്പത്തില്‍ നേപ്പാളില്‍ പോയി വരാം. വാലിഡായ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് നേപ്പാളില്‍ പ്രവേശിക്കാന്‍ ആവശ്യമായിട്ടുള്ളത്.
Story Highlights : Cheapest countries to visit from India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here