Advertisement

‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ ; എം വി ഗോവിന്ദൻ

7 days ago
Google News 1 minute Read

വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ്‌ സ. പുഷ്‌പന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്‌പൻ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പ്‌ വെടിവെപ്പിൽ ജീവൻപൊലിഞ്ഞ അഞ്ച്‌ ധീരസഖാക്കൾക്കൊപ്പമാണ്‌ പുഷ്‌പനും വെടിയേറ്റത്‌. വെടിയേറ്റ്‌ കഴുത്തിന്‌ താഴെ തളർന്നിട്ടും മരണത്തെ തോൽപ്പിച്ച പുഷ്‌പൻ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടായി കിടപ്പിലായിരുന്നു. തന്റെയുള്ളിലെ അടങ്ങാത്ത പോരാട്ടവീര്യമാണ്‌ ദീർഘമായ ഈ കാലത്തെ അതിജീവിക്കാൻ പുഷ്‌പന്‌ കരുത്ത്‌ നൽകിയത്‌.

സ്കൂൾകാലത്ത് എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന പുഷ്‌പൻ ചെറിയ പ്രായത്തിലേ കുടുംബത്തിന്റെ ചുമതല സ്വയമേറ്റെടുത്തു. വിവിധ ജോലികൾ ചെയ്‌ത്‌ കുടുംബം പോറ്റുന്നതിനിടയിലും നാട്ടിലെ സമര പരിപാടികളിൽ സജീവമായി. ബംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടിൽ എത്തിയപ്പോഴായിരുന്നു 1994 നവംബർ 25‌ന് യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെതിരായ കരിങ്കൊടി പ്രകടനത്തിൽ പുഷ്പനും അണിചേർന്നത്.

തന്റെ ഇരുപത്തിനാലാം വയസ്സിൽ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പൻ പോരാളികൾക്ക്‌ ആവേശമായി. മരുന്നുകൾക്കും വേദനകൾക്കുമിടയിലൂടെ കടന്നുപോകുമ്പോഴും പുഷ്‌പൻ തന്റെയുള്ളിലെ വിപ്ലവാവേശത്തെ കനലൂതിത്തെളിച്ചു കൊണ്ടേയിരുന്നു. അസുഖ ബാധിതനായ ഓരോ തവണയും മരണത്തെ തോൽപ്പിച്ച്‌ അത്ഭുതകരമായി തിരിച്ചുവന്നു. വിദ്യാർഥി, യുവജന സമ്മേളനവേദികളിൽ നേരിട്ടെത്തിയും കത്തുകളിലൂടെയും പുഷ്‌പൻ തന്റെ സഖാക്കൾക്ക്‌ സമരാഭിവാദ്യമർപ്പിച്ചു.

പുഷ്‌പനെ കാണാൻ എത്രയോവട്ടം മേനപ്രത്തെ വീട്ടിലെത്തിയിട്ടുണ്ട്‌. അപ്പോഴെല്ലാം പുഷ്‌പൻ ചോദിച്ചറിഞ്ഞതും പങ്കുവെച്ചതും കേരളത്തിന്റെ രാഷ്ട്രീയവും തന്റെ പാർട്ടിയെക്കുറിച്ചും സഖാക്കളെക്കുറിച്ചുമുള്ള വിശേഷങ്ങളായിരുന്നു. വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു.
ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്‌പൻ ജീവിക്കും.

സഹനസൂര്യനായി ജ്വലിച്ച പുഷ്‌പന്റെ വിയോഗത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : M V Govindan Remembers Pushpan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here