ആപ്പിൾ വിഷൻ പ്രോയെ പിന്നിലാക്കാൻ മെറ്റ; എത്തിക്കുന്നത് സ്മാർട്ട് ഗ്ലാസ്
ടെക് ലോകത്ത് ഉൾപ്പെടെ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു ആപ്പിളിന്റെ വിഷൻ പ്രോ. ഇതിന് ഒരു വെല്ലുവിളി ഉയർത്താൻ ഒരുങ്ങുകയാണ് മെറ്റ. സ്മാർട്ട് ഗ്ലാസ് എത്തിക്കാനാണ് മെറ്റയുടെ നീക്കം. ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നൂതനമായ കണ്ണടയാണ് ഓറിയോൺ എന്ന സ്മാർട്ട് ഗ്ലാസിനെ മെറ്റ് വിശേഷിപ്പിക്കുന്നത്.
ബ്രെയിൻ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ന്യൂറൽ ഇന്റർഫെയ്സ് സംവിധാനം ഈ സ്മാർട്ട് ഗ്ലാസിൽ ഉണ്ടാകും. മെറ്റാ കണക്ട് 2024 എന്ന ഇവന്റിലായിരുന്നു സിഇഒ മാർക്ക് സുക്കർബർഗ് ഈ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചത്. 100 ഗ്രാമിൽ താഴെയാണ് ഓറിയോൺ സ്മാർട്ട് ഗ്ലാസിന്റെ ഭാരം. സിലിക്കൺ-കാർബൈഡ് ആർക്കിടെക്ചർ ഉപയോഗിച്ചാണ് ഡിസ്‌പ്ലേ സാങ്കേതികവിദ്യ.
സാധാരണ സ്‌മാർട്ട് ഗ്ലാസുകൾ പോലെ ഇവയും വോയ്‌സ്, എഐ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം. വിഡിയോ കോൾ എടുക്കാം, വാട്ട്‌സാപ്പിലും മെസഞ്ചറിലും സന്ദേശങ്ങൾ കാണാനും അയയ്‌ക്കാനും കഴിയും. എഐ വോയ്‌സ് അസിസ്റ്റൻസ്, ഹാൻഡ് ട്രാക്കിങ്, ഐ ട്രാക്കിങ്, മസ്തിഷ്‌ക സിഗ്നലുകൾ ഉപയോഗിച്ച് ഗ്ലാസ് നിയന്ത്രിക്കാൻ സാധിക്കുന്ന റിസ്റ്റ് ബേസ്ഡ് ഇന്റർഫെയ്‌സ് എന്നിവയോടുകൂടിയാണ് ഒറിയോൺ എആർ ഗ്ലാസ് തയ്യാറാക്കിയിരിക്കുന്നത്.
മൂന്ന് ഭാഗങ്ങളാണ് ഓറിയോൺ എആർ ഗ്ലാസിനുള്ളത്. അതിൽ ഒന്ന് കണ്ണട തന്നെയാണ്. ഇത് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള റിസ്റ്റ് ബാൻഡ് ആണ് രണ്ടാമത്തേത്. ഒരു വയർലെസ് കംപ്യൂട്ടിങ് പക്ക് ആണ് മൂന്നാമത്തേത്. ഓറിയോൺ ഭാവിയിൽ സ്മാർട്‌ഫോണുകൾക്ക് പകരമാവുമെന്നാണ് മെറ്റ മേധാവി മാർക്ക് സുക്കർബർഗ് അവകാശപ്പെടുന്നത്.
Story Highlights : Meta unveils Orion its first AR glasses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here