‘തിരുപ്പതി ലഡ്ഡുവില്‍ മായം കലര്‍ന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു’; സുപ്രിംകോടതി വിമര്‍ശിച്ചിട്ടും പിന്നോട്ടുപോകാതെ ചന്ദ്രബാബു നായിഡു

തിരുപ്പതി ലഡ്ഡു വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. ലഡ്ഡു നിര്‍മിക്കാന്‍ മായം ചേര്‍ത്ത നെയ്യാണ് ഉപയോഗിച്ചതെന്ന ആരോപണത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ടിഡിപി ദേശീയ വക്താവ് കെ പട്ടാഭിരാം പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്ര അന്വേഷണം വേണമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞ സുപ്രിംകോടതിയെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ടിഡിപി നേതാവ് പറഞ്ഞു. സുപ്രിംകോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ചന്ദ്രബാബു നായിഡു നേരിട്ടത്. ലഡ്ഡുവില്‍ മായം ചേര്‍ത്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരിശോധിച്ച നെയ്യുടെ സാമ്പിള്‍ ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തിനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചതെന്ന് കോടതി ചോദിച്ചിരുന്നു. (Naidu’s TDP replay to Supreme Court’s laddu remarks)
അന്വേഷണം നടത്തുംമുന്‍പ് മായമുണ്ടെന്ന് എങ്ങനെ ഉറപ്പിച്ച് പറഞ്ഞെന്നായിരുന്നു നായിഡുവിനെതിരെ സുപ്രിംകോടതിയുടെ ചോദ്യം. തിരുപ്പതി ലഡ്ഡുവില്‍ മായം കലര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നുള്ള മൂന്ന് ഹരജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യും കെവി വിശ്വനാഥവും ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമര്‍ശിച്ചത്. ലഡ്ഡുവില്‍ മായം കലര്‍ന്നതിന് പ്രഥമദൃഷ്ടിയാല്‍ തെളിവില്ലെന്ന് കോടതി പറഞ്ഞു. സെപ്റ്റംബര്‍ പതിനെട്ടിന് തന്നെ ചന്ദ്രബാബു നായിഡു മാധ്യമങ്ങളെ കണ്ട് ജഗന്‍ മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് ലഡ്ഡുവില്‍ മായം കലര്‍ന്നെന്ന് ആരോപിച്ചു. എന്നാല്‍ മായമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയ നെയ്യ് ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. നാല് ദിവസം മുന്‍പ് മാത്രമാണ് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്. ഇവരുടെ അന്വേഷണറിപ്പോര്‍ട്ട് വരും മുന്‍പേ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് ആരോപണം ഉന്നയിച്ചതില്‍ ന്യായമില്ലെന്നും കോടതി വിമര്‍ശിച്ചു.
ഭരണഘടാനാപരമായ സ്ഥാനത്ത് ഇരിക്കുന്നവര്‍ ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. അന്വേഷണത്തിന് സര്‍ക്കാരിന്റെ പ്രത്യേകസംഘം തന്നെ മതിയോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് ആന്ധ്രാ സര്‍ക്കാരിനായി ഹാജരായത്. കേസുകള്‍ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Story Highlights : Naidu’s TDP replay to Supreme Court’s laddu remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here