അദാനി കാരണം ഗുലുമാലിലായി ആന്ധ്ര മുഖ്യമന്ത്രി

ഇന്ത്യയിൽ 2029 കോടി രൂപ കൈക്കൂലി നൽകി നേടിയ കരാറുകൾ കാട്ടി അമേരിക്കയിൽ നിന്ന് അദാനിയുടെ കമ്പനി നിക്ഷേപം സ്വീകരിച്ചുവെന്ന അമേരിക്കയിൽ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലിന് പിന്നാലെ പ്രതിരോധത്തിലായിരിക്കുകയാണ് ആന്ധ്രപ്രദേശ് സർക്കാർ. കമ്പനി ആകെ നൽകിയെന്ന് ആരോപിക്കപ്പെടുന്ന കൈക്കൂലിയിൽ ഭൂരിഭാഗവും ആന്ധ്രാ സർക്കാരിന് നൽകിയതാണ്. ആന്ധ്രപ്രദേശിൽ ഭരണത്തിന് നേതൃത്വം നൽകിയ ഉന്നതന് 1750 കോടിയുടെ കൈക്കൂലി ഗൗതം അദാനി നേരിട്ട് കണ്ട് ഉറപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാൽ ലോകമാകെ ചർച്ച ചെയ്യുന്ന വിവാദത്തിൽ ആന്ധ്രപ്രദേശിൽ കാര്യമായ ചർച്ച നടക്കുന്നില്ല. സംസ്ഥാനത്ത് കോൺഗ്രസും സിപിഎമ്മും സിപിഐയും മാത്രമാണ് വിഷയത്തിൽ പ്രതിഷേധ സ്വരം ഉയർത്തിയത്.
ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോളാർ വൈദ്യുതി കരാറുകൾ നേടാൻ അദാനി ഗ്രൂപ്പ് കൈക്കൂലി നൽകിയെന്നാണ് ആക്ഷേപമെങ്കിലും ടിഡിപി കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. വിവാദം തിരിച്ചടിക്കരുതെന്ന നിർബന്ധം സംസ്ഥാനം ഇപ്പോൾ ഭരിക്കുന്ന ടിഡിപിക്കുണ്ട്. അതിനാൽ തന്നെ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടക്കില്ലെന്നാണ് സംസ്ഥാനത്തെ മന്ത്രി നര ലോകേഷ് നായിഡു വ്യക്തമാക്കിയത്. അമേരിക്കയിലെ കേസിനെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ് തെലുഗു ദേശം പാർട്ടി നേതാക്കൾ ഒഴിഞ്ഞു.
സംസ്ഥാനത്ത് കൂടുതൽ വൻകിട പദ്ധതികളെത്തിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. അദാനി പോർട്‌സ് മാനേജിങ് ഡയറക്ടറുമായി ചർച്ച നടത്തിയത് ഈയിടെയാണ്. സംസ്ഥാനത്ത് വമ്പൻ സോളാർ പദ്ധതികൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ അദാനി ഗ്രൂപ്പിനെ പോലെ വൻ കമ്പനികൾ വേണമെന്നും മുഖ്യമന്ത്രി കരുതുന്നു. പ്രധാനമന്ത്രിയുമായും ബിജെപിയുമായും പുതുക്കിയ സൗഹൃദം സജീവമായി മുന്നോട്ട് കൊണ്ടുപോകാനാണ് മറ്റൊരു ശ്രമം. ഉപമുഖ്യമന്ത്രി പവൻ കല്യാൺ പ്രധാനമന്ത്രിയുമായി നല്ല സൗഹൃദം സ്ഥാപിച്ചിട്ടുള്ളതിനാൽ ഈ ത്രികക്ഷി സൗഹൃദം തകരാൻ ടിഡിപിയും ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലെ സൗഹൃദം മുൻനിർത്തിയാണ് ഈ തീരുമാനം. കേന്ദ്രത്തിലും എൻഡിഎ സർക്കാരിൽ ടിഡിപി മുഖ്യ കക്ഷിയാണ്.
Story Highlights : Three reasons Chandrababu Naidu’s TDP is keeping quiet on Gautam Adani indictment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here