Advertisement

‘അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രിയും’: കെ സുധാകരന്‍

October 1, 2024
Google News 2 minutes Read
sudhakaran

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിവി അന്‍വറിന്റെ കാര്യത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ അവ വീണ്ടും മറനീക്കി പുറത്തുവരുകയാണെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ കണ്ടെത്തി യഥാര്‍ത്ഥ പ്രതികള്‍ക്ക് ഇതുവരെ ശിക്ഷവാങ്ങി കൊടുക്കാന്‍ പിണറായി വിജയനു സാധിച്ചില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇപ്പോഴും നിലനില്ക്കുന്നു. സംഘപരിവാറിനെതിരെ പോരാടിയതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചെന്ന് ഊറ്റംകൊള്ളുന്ന സിപിഎമ്മും സര്‍ക്കാരുമാണ് ആര്‍എസ്എസ് ബന്ധം പണിയാന്‍ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ വ്യക്തിതാല്‍പ്പര്യങ്ങളും കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുമായി സിപിഎമ്മിന്റെ ആശയങ്ങളെ ബലികഴിച്ച് അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും ഒരുപോലെ വഞ്ചിച്ചു – സുധാകരന്‍ പറഞ്ഞു.

Read Also: സ്വർണക്കടത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും

ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന തിരിച്ചറിവില്‍ സിപിഎം ഇപ്പോള്‍ അവരെ വര്‍ഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം വോട്ടുകളുടെ ബിജെപിയിലേക്ക് ഒഴുക്ക് വ്യാപകമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സ്വന്തം അണികളെ പിടിച്ച് നിര്‍ത്താന്‍ ബിജെപിയുടെ സ്വരം സിപിഎം ഇപ്പോള്‍ കടമെടുക്കുകയാണ്. കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തൃശ്ശൂര്‍ പൂരം കലക്കാന്‍ ഒത്തുകളിച്ച സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് തന്നെ ഇവരുടെ ഹൈന്ദവ സ്നേഹവും കപടമാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും ബിജെപിയുടെയും അജണ്ടകളെ കോണ്‍ഗ്രസ് ചെറുക്കും – സുധാകരന്‍ പറഞ്ഞു.

പിവിആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ച് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ സിപിഎമ്മും അവരുടെ നിയന്ത്രണത്തിലുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നടപ്പാക്കിയില്ല. അന്ന് സിപിഎമ്മിന് ഈ തടയണകള്‍ അനധികൃത നിര്‍മ്മിതികളായി തോന്നിയില്ല. എന്നാല്‍ ഭരണപക്ഷത്ത് നിന്നും പിണങ്ങിമാറിയ എംഎല്‍എയുടെ ഇത്തരം നിര്‍മ്മിതികളെല്ലാം ഇപ്പോള്‍ സിപിഎമ്മിനും സര്‍ക്കാരിനും നിയമവിരുദ്ധ നിര്‍മ്മാണങ്ങളായി. ഇത്രയും നാളും തടയണ പൊളിക്കാതിരുന്ന ഭരണകൂടം അതെന്തുകൊണ്ടാണെന്ന് കേരളീയ സമൂഹത്തിന് ബോധ്യപ്പെടുത്തിയിട്ട് മതി ഇനിയുള്ള നടപടികള്‍. പാപികളെ വിശുദ്ധരും വിശുദ്ധരെ പാപികളുമാക്കുന്ന പ്രത്യേക സംവിധാനം കാലാകാലങ്ങളായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചു വരുകയാണ് – സുധാകരന്‍ വിശദമാക്കി.

Story Highlights : K Sudhakaran criticize CPIM and Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here