അൻവർ പോയാൽ ‘ച്ഛി ഫൂ’; മുന്നണിയിൽ നിന്ന് ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തി, എം എം മണി എംഎൽഎ
ഒരു സ്വതന്ത്രൻ പാലിക്കേണ്ട സാമാന്യ മര്യാദ ഈ സർക്കാരിനോട് അൻവർ കാണിച്ചില്ലെന്ന് എംഎം മണി എംഎൽഎ. ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തുകയായിരുന്നു അൻവർ. അൻവർ പോയാലും ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല, മാന്യതയുണ്ടെങ്കിൽ രാജി വയ്ക്കണം എംഎം മണി വ്യക്തമാക്കി.
”സാധാരണ പാർട്ടിക്കാരുടെ വികാരങ്ങൾ മുഴുവനും ഉൾക്കൊള്ളുന്നത് അൻവറാണോ? ജയിച്ചിട്ട് ഒരുമാതിരി പിറപ്പ് പണിയാണ് കാണിച്ചത്. ഒരു കത്തോ ശുപാർശയോ കൊടുത്താൽ അതെല്ലാം നടക്കണം എന്നൊന്നും നിർബന്ധമില്ല അത് പൊതുപ്രവർത്തകരായ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, കുറെ കാര്യങ്ങൾ നടക്കും ചിലത് നടക്കില്ല.അൻവറിന് തോന്നുന്ന കാര്യങ്ങളെല്ലാം അയാൾ വിളിച്ചുപറയുന്നുണ്ട് എന്നുവെച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ധർമം ചെയ്യാതിരിക്കണോ, ഒരു അൻവർ എന്തെങ്കിലും പറഞ്ഞുവെന്നുവെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി അങ് ഒലിച്ചുപോകുമെന്ന് വിചാരിച്ചോ… പലരും വരും അതിനിടയിൽ അൻവർ എന്ന് പറയുന്നയാൾ ‘ച്ഛി ഫൂ’ അത്രേയുള്ളൂ ഞങ്ങളെ സംബന്ധിച്ച്. അൻവർ തിരഞ്ഞെടുപ്പിൽ ജയിച്ചത് സ്വതന്ത്രൻ ആയത് കൊണ്ടല്ല ഞങ്ങൾക്ക് നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയായതുകൊണ്ടുമാണ്.പണ്ടും പാർട്ടി അവിടെനിന്ന് ജയിച്ചിട്ടുണ്ട്” എംഎം മണി പറഞ്ഞു.
അതേസമയം, താൻ പറയുന്ന കാര്യങ്ങൾ അതുപോലെ തന്നെയാണോ നിങ്ങൾ മാധ്യമങ്ങൾ കൊടുക്കുന്നതെന്ന മറുചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പിആർ ഏജൻസി ബന്ധപ്പെട്ട ചോദ്യത്തെ എംഎം മണി പ്രതിരോധിച്ചത്. പാർട്ടിയിൽ പിആർ ഏജൻസി ഇല്ല, ഞങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ജില്ലാകമ്മിറ്റി മുതൽ ആയിരകണക്കിന് ബ്രാഞ്ച് കമ്മിറ്റികൾ വരെയുണ്ട് രാജ്യത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കുന്നത് സിപിഐഎം ആണെന്നും എംഎം മണി കൂട്ടിച്ചേർത്തു.
Story Highlights : MM Mani MLA talk about PV Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here