ഷാരൂഖ് ചിത്രത്തിൽ നിന്ന് തിരിച്ചറിവ്, അമേരിക്കയിലെ ജോലി മതിയാക്കി; ധനമന്ത്രിക്കെതിരെ പരാതി നൽകിയ ആദർശ് അയ്യരുടെ ജീവിതവും പോരാട്ടവും
ഇലക്ട്രൽ ബോണ്ട് വഴി സാമ്പത്തിക ക്രമക്കേട് നടത്തിയ എന്ന പരാതിയിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെതിരെ കേസെടുത്തിരിക്കുകയാണ് ബംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. ജനാധികാര സംഘർഷ സംഘടനയുടെ പ്രതിനിധി ആദർശ് അയ്യരാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി അടക്കം പ്രമുഖ ബിജെപി നേതാക്കൾക്കെതിരെ പരാതി കൊടുത്തത്. ആദ്യം പോലീസിലാണ് പരാതി നൽകിയിരുന്നത് എങ്കിലും കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.
ഇക്കഴിഞ്ഞ മാർച്ച് 30നാണ് ഇലക്ടറൽ ബോണ്ടു വഴി 1692 കോടി രൂപയുടെ സംഭാവന രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയതിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ആദർശ അയ്യർ കേസ് കൊടുത്തത്. ഇഡി അടക്കം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ഇലക്ട്രൽ ബോണ്ട് വഴി ബിജെപിയിലേക്ക് എത്തിച്ചു എന്നാണ് പരാതി. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഒന്നാം പ്രതിയായ കേസിൽ മുതിർന്ന ബിജെപി നേതാക്കളായ നളിൻകുമാർ കട്ടിൽ, ബി വൈ വിജയേന്ദ്ര എന്നിവരും പ്രതികളാണ്.
Read Also: സായി ബാബയുടെ വിഗ്രഹങ്ങള്‍ വാരണാസിയിലെ ക്ഷേത്രങ്ങളില്‍ നിന്ന് നീക്കി ഹിന്ദു സംഘടന
ഇലക്ടറൽ ബോണ്ടിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബിജെപി ആണെന്നും ആറു വർഷത്തിനിടെ 8252 കോടി രൂപ അവർക്ക് ലഭിച്ചു എന്നും ആദർശ് അയ്യർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബെംഗളൂരു തിലക് നഗർ പോലീസ് സ്റ്റേഷനിലാണ് ആദ്യം പതിനഞ്ചോളം പരാതി നൽകിയതെന്നും എന്നാൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് കോടതിയെ സമീപിച്ചത്. അതേസമയം മുഡ ഭൂമി ഇടപാടിൽ പ്രതിസ്ഥാനത്തുള്ള കോൺഗ്രസ് ഇതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് നിമല സീതാരാമനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതിരോധം.
എന്നാൽ ആദർശ് അയ്യർ എന്ന മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന ഒരാളല്ലെന്ന് അദ്ദേഹത്തിൻ്റെ മുൻകാല നീക്കങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു ദശാബ്ദം മുൻപാണ് അദ്ദേഹം തൻ്റെ ഉയർന്ന വരുമാനമുള്ള ജോലിയിൽ നിന്ന് സാമൂഹ്യ പ്രവർത്തനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. 2015 ൽ അന്ന് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന സിദ്ധരാമയ്യ സർക്കാരിനെതിരെയായിരുന്നു ആദർശ് ലോകായുക്തയെ സമീപിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നായിരുന്നു പരാതി. ജനതാദൾ നേതാക്കൾക്കെതിരെ ഭൂമി കൈയ്യേറ്റത്തിനെതിരെയും കൊവിഡ് കാലത്ത് സ്കൂൾ പരീക്ഷകൾ നടത്തിയതിന് വിദ്യാഭ്യാസ മന്ത്രിക്കെതിരെയും അദ്ദേഹം കോടതിയെയും പൊലീസിനെയും സമീപിച്ചിരുന്നു.
ഏതാണ്ട് 20 വർഷം മുൻപ് അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. എന്നാൽ 2003 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ടിയേർസ് ഓഫ് ദി സൺ, 2004 ൽ പുറത്തിറങ്ങിയ ഷാരൂഖ് കാൻ നായകനായ ഹിന്ദി ചിത്രം സ്വദേശ് എന്നിവ അദ്ദേഹത്തെ സ്വാധീനിച്ചു. 2005 ൽ അമേരിക്കയിലെ ജോലി മതിയാക്കി അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ വന്നു. പിന്നീട് അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമരത്തിൽ പങ്കാളിയായി. ശേഷം നിയമ ബിരുദ പഠനത്തിന് ചേർന്നു. 2014 ൽ ആം ആദ്മി പാർട്ടിയിൽ ചേർന്ന അദ്ദേഹം പിന്നീട് പാർട്ടി വിട്ടു. അതേ വർഷം തന്നെയാണ് അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് ജനാധികാര സംഘർഷ പരിഷത്ത് എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. പൊതുജന താത്പര്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.
ധനമന്ത്രിക്കെതിരായ കേസിൽ രണ്ട് കമ്പനികളുമായി ബന്ധപ്പെട്ട ഇലക്ടറൽ ബോണ്ട് സംഭാവനകളാണ് ആദർശ് അയ്യർ ഉന്നയിക്കുന്നത്. ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻഫോഴ്‌സ്മെൻ്റ് വിഭാഗത്തെ കോർപറേറ്റ് കമ്പനികളിലേക്ക് റെയ്ഡിനയച്ചു എന്നതാണ് അതിലൊന്ന്. വേദാന്ത ഗ്രൂപ്പ്, ഓർബിന്ദോ ഫാർമ എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡുകൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൊട്ടുപിന്നാലെ ഈ കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതും ബിജെപിയിലേക്ക് കോടികൾ ഇതിലൂടെ എത്തിയതും അദ്ദേഹം അഴിമതിയായി ചൂണ്ടിക്കാട്ടുന്നു. ഇത് ഭീഷണിപ്പെടുത്തി പണം തട്ടലാണെന്നും അധികാര ദുർവിനിയോഗമാണെന്നുമാണ് പരാതി. വേദാന്തയിൽ നിന്ന് 230 കോടി രൂപയും ഓർബിന്ദോ ഫാർമയിൽ നിന്ന് 49.5 കോടി രൂപയുമാണ് ബിജെപിക്ക് ലഭിച്ചത്.
Story Highlights : Adarsh Iyer filed complaint against union finance minister Nirmala Sitharaman.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here