നേരത്തെ അറിയാം, സ്തനാർബുദത്തെ ചെറുക്കാം; ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ‘സ്‌ക്രീൻ ഫോർ ലൈഫ്’ കാമ്പയിൻ
സ്ത്രീകളിലെ സ്തനാർബുദം നേരത്തെ കണ്ടെത്തി ചെറുക്കുന്നതിനായി ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം ദേശീയ കാമ്പയിൻ സംഘടിപ്പിക്കുന്നു. നേരത്തെ രോഗം തിരിച്ചറിഞ്ഞ്, പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തടയുന്നതിനായി പരിശോധനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് ഒരു മാസം നീളുന്ന ദേശീയ സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ, ഖത്തർ മ്യൂസിയം, ഖത്തർ ഫൗണ്ടേഷൻ, പ്ലേസ് വെൻഡം മാൾ, ഇലാൻ, ഖത്തർ എനർജി തുടങ്ങിയവരെല്ലാം കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്. പി.എച്ച്.സി.സിക്ക് സ്ക്രീൻ ഫോർ ലൈഫ്’ പരിപാടിയുടെ ഭാഗമായാണ് കാമ്പയിൻ. സ്തന, കുടൽ അർബുദം നേരത്തെ കണ്ടെത്തുന്നതിന് പരിശോധനക്ക് വിധേയമാകുന്നതിന് സ്ത്രീകളിൽ ബോധവത്കരണം ലക്ഷ്യമിട്ടുള്ള ജീവൻരക്ഷാ പരിപാടിയാണ് സ്‌ക്രീൻ ഫോർ ലൈഫ്. സമയബന്ധിതമായ പരിശോധനയിലൂടെ അവരുടെ ആരോഗ്യം ഏറ്റെടുക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന, ‘സുരക്ഷിത നാളേക്കായി ഇന്ന് തന്നെ സ്ക്രീനിങ്’ എന്ന മുദ്രാവാക്യമാണ് ഇത്തവണ ദേശീയ കാമ്പയിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 10, 11 ദിവസങ്ങളിൽ വെൻഡം മാളിൽ ആക്ടിവേഷൻ ബൂത്ത് ഒരുക്കും. സ്തനാരോഗ്യം, സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം, മാമോഗ്രാമുകൾക്കുള്ള അപ്പോയിൻമെന്റ് ബുക്കിങ് പരിശീലനം എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് പരിചയപ്പെടുത്തുകയാണ് ആക്ടിവേഷൻ ബൂത്തുകളിലൂടെ ലക്ഷ്യമിടുന്നത്.സ്തനാർബുദം സംബന്ധിച്ച വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണനയും പിന്തുണയും നൽകുക എന്നതുമാണ് കാമ്പയിന്റെ ലക്ഷ്യം.
45നും 69നും ഇടയിൽ പ്രായമുള്ള സ്തനാർബുദവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളില്ലാത്ത, കഴിഞ്ഞ മൂന്ന് വർഷമായി മാമോഗ്രാം ചെയ്തിട്ടില്ലാത്ത പൗരന്മാരും താമസക്കാരുമുൾപ്പെടെയുള്ള ഖത്തറിലെ സ്ത്രീകളാണ് സ്‌ക്രീനിങ്ങിൽ പങ്കെടുക്കേണ്ടത്. ഈ പ്രായപരിധിയിലുള്ള സ്ത്രീകൾ പ്രതിരോധ പരിപാടി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മുഐദർ, ലെഅബൈബ്, റൗദത് അൽ ഖൈൽ, അൽ വക്‌റ എന്നീ നാല് ഹെൽത്ത് സെന്ററുകളാണ് ബ്രെസ്റ്റ് സ്ക്രീനിങ്ങിനായി തിരഞ്ഞെടുക്കപ്പെട്ട ക്ലിനിക്കുകൾ. 8001112 നമ്പറിൽ ബന്ധപ്പെട്ട് സ്‌ക്രീനിങ്ങിന് അപ്പോയിൻമെന്റ് എടുക്കാമെന്ന് പി.എച്ച്.സി.സി സ്ക്രീനിങ് പ്രോഗ്രാം മേധാവി ഡോ. ശൈഖ അബൂ ശൈഖ പറഞ്ഞു.
Story Highlights : Qatar Primary Health Center’s ‘Screen for Life’ campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here