Advertisement

‘നിങ്ങളുടെ സ്നേഹവും വാത്സല്യവും നിലനിൽക്കും, കഠിനാധ്വാനം ചെയ്ത പിഡിപി പ്രവർത്തകർക്ക് നന്ദി’; ഇൽതിജ മുഫ്തി

October 8, 2024
Google News 2 minutes Read

ശ്രീഗുഫ്‌വാര-ബിജ്‌ബെഹറയിൽ 4,330-ലധികം വോട്ടുകൾക്ക് പിന്നിലായതിന് പിന്നാലെ പരാജയം സമ്മതിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മുഫ്തി പരാജയം സമ്മതിച്ചത്. ജനങ്ങളുടെ വിധി അംഗീകരിക്കുന്നതായി ഇൽതിജ മുഫ്തി പറഞ്ഞു.

‘ബിജ്‌ബെഹറയിലെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും എന്നോടൊപ്പം നിലനിൽക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കഠിനാധ്വാനം ചെയ്ത എൻ്റെ പിഡിപി പ്രവർത്തകർക്ക് നന്ദി’, ഇൽതിജ എക്സിൽ കുറിച്ചു.

മുഫ്തി കുടുംബത്തിൻ്റെ പരമ്പരാഗത കുടുംബ സീറ്റായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ. പാർട്ടിയിലെ മുതിർന്ന നേതാവായ അബ്ദുൾ റഹ്മാൻ വീരിയാണ് 1999 മുതൽ 2018 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അബ്ദുൾ റഹ്മാൻ വീരിയെ മാറ്റി ഈ വർഷം പിഡിപി സ്ഥാനാർത്ഥിയായി ഇൽതിജ സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

ശ്രീഗുഫ്വാര-ബിജ്ബെഹറ മണ്ഡലത്തിലാണ് ഇൽതിജ മുഫ്തി ജനവിധി തേടിയത്. നാഷണൽ കോൺഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവിൽ ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. സോഫി യൂസഫാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ബഷീർ അഹമ്മദ് ഷാ വീരി 17,615 വോട്ടുകൾ നേടി മുന്നേറ്റം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഇൽതിജയ്ക്ക് 13,281 വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയേക്കാൾ 4,334 വോട്ടുകൾക്ക് പിന്നിലാണ് ഇൽതിജ മുഫ്തി.

Story Highlights : iltjah mufti trails from srigufwara bijbehara constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here