Advertisement

‘ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം’ : സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി

October 9, 2024
Google News 2 minutes Read
K SURENDRAN

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി സംശയമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് അശാസ്ത്രീയ നിലപാടെന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും നിലപാട് തിരുത്താന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായിട്ടില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടനകാലം അലങ്കോലമാകും എന്ന ആശങ്ക ഭക്തര്‍ക്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം അടിയന്തരമായി സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തണമെന്നും പറഞ്ഞു. അല്ലെങ്കില്‍ ഭക്തരുടെ പ്രതിഷേധങ്ങള്‍ക്ക് ബിജെപി പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ പ്രതിഷേധം ഉണ്ടാകും. സ്‌പോട്ട് ബുക്കിംഗ് നല്‍കാന്‍ മന്ത്രി ദുരഭിമാനം കാണിക്കുന്നത് എന്തുകൊണ്ട് ? കെ സുരേന്ദ്രന്‍ ചോദിച്ചു.

ദര്‍ശനത്തിന് സമയ കൃത്യത പാലിക്കുക എന്നത് സാധ്യമായ കാര്യമല്ല എന്ന് സര്‍ക്കാരിന് അറിയാത്തതല്ല. വിര്‍ച്വല്‍ ബുക്കിങ്ങിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ നിശ്ചിത ശതമാനം സ്‌പോട്ട് ബുക്കിംഗ് കൂടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് എന്താണ് മടി.തീര്‍ത്ഥാടനം അലങ്കോലമാക്കുന്ന ആസൂത്രിതമായ നീക്കമാണ് – അദ്ദേഹം വിശദമാക്കി. സര്‍ക്കാര്‍ എന്തിനാണ് മര്‍ക്കട മുഷ്ടി എടുക്കുന്നതെന്നും തിരിച്ചടി കിട്ടിയിട്ടും പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എന്ത് മുന്നൊരുക്കമാണ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. റോഡ്, അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നും തീരുമാനം ആയിട്ടില്ല. സര്‍ക്കാര്‍ മുന്നൊരുക്കം ഒന്നും നടത്തിയിട്ടില്ല. നിലക്കലില്‍ ആളെ എത്തിച്ച് കെഎസ്ആര്‍ടിസി വഴി പമ്പയിലത്തെിച്ച് ഭക്തരെ ചൂഷണം ചെയ്യുന്നതില്‍ മാത്രമാണ് തീരുമാനമെടുത്തത് – സുരേന്ദ്രന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തികഞ്ഞ പരാജയമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Read Also: ‘ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്ന ആളുകള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണം’; ശബരിമല സ്‌പോട്ട് ബുക്കിംഗ് സബ്മിഷനായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം

അതേസമയം, ശബരിമല സ്പോട്ട് ബുക്കിംഗ് സഭയില്‍ പ്രതിപക്ഷം സബ്മിഷനായി അവതരിപ്പിച്ചു. 80,000 പേര്‍ക്ക് സ്പോട് ബുക്കിംഗ് നല്‍കുന്ന തീരുമാനം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്ന ആളുകള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആളുകളും ഇന്റര്‍നെറ്റും ഓണ്‍ലൈനും ഉപയോഗിക്കുന്നവര്‍ അല്ല. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവതരമായി ആലോചിക്കണം. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Story Highlights : K Surendran about Sabarimala spot booking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here