Advertisement

മഴ കാരണം മത്സരം വൈകി; അര്‍ജന്റീന വെനിസ്വേല മത്സരം തുടങ്ങിയത് വെള്ളത്തിലായ ഗ്രൗണ്ടില്‍

October 11, 2024
Google News 1 minute Read
Messi Argentina

ലോക കപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയും വെനിസ്വേലയും തമ്മിലുള്ള മത്സരം മഴ കാരണം വൈകി. അര മണിക്കൂര്‍ വൈകി ആരംഭിച്ചെങ്കിലും വെള്ളം കെട്ടിക്കിടക്കുന്ന പിച്ചില്‍ പന്ത് തട്ടേണ്ട ഗതികേടിലായിരുന്നു താരങ്ങള്‍. അര്‍ജന്റീന ഗോള്‍മുഖത്തേക്ക് ആദ്യ മുന്നേറ്റം നടത്തിയ വെനിസ്വേല താരങ്ങള്‍ക്ക് പന്ത് വെള്ളത്തില്‍ നീങ്ങാത്തത് കാരണം ബുദ്ധിമുട്ട് നേരിടുന്നത് കാണാമായിരുന്നു. പാസ് നല്‍കുമ്പോഴൊക്കെ നിശ്ചിത ദൂരത്തിലെത്തി വെള്ളക്കെട്ട് കാരണം പന്ത് നിശ്ചലമായി. ഉദ്ദേശിച്ച പാസുകളോ നീക്കങ്ങളോ നടത്താന്‍ വെള്ളം നിറഞ്ഞ് കിടന്ന ഗ്രൗണ്ട് കാരണം കഴിഞ്ഞില്ല. മഴക്ക് ശേഷം മൈതാനം പരിശോധിച്ച ഇരു ടീമിന്റെയും അധികൃതര്‍ യോഗം ചേര്‍ന്നതിന് ശേഷം മത്സരം തുടങ്ങാമെന്ന് സമ്മതിക്കുകയായിരുന്നു.

വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയെ നയിക്കുന്നത് ലയണല്‍ മെസ്സിയാണ്. ഇക്കഴിഞ്ഞ ജൂലൈ 14ന് കൊളംബിയ്‌ക്കെതിരായ കോപ്പ അമേരിക്ക ഫൈനലില്‍ വലത് കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസിയുടെ ദേശീയ ടീമുമൊത്തുള്ള ആദ്യ മത്സരമാണ് ഇത്. മെസ്സിയും സംഘവും ബുധനാഴ്ച രാത്രി വൈകിയാണ് വെനിസ്വേലയില്‍ എത്തിയത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ യാത്രാ നിയന്ത്രണങ്ങള്‍ കാരണം മിയാമിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം കൊളംബിയയില്‍ താമസിച്ചതിന് ശേഷമാണ് മത്സരത്തിനായി ടീമിനൊപ്പം ചേര്‍ന്നത്.

Story Highlights : Argentina vs Venezuela match wet pitch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here