Advertisement

നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തി വിനീഷ്യസ്; വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍

November 15, 2024
Google News 2 minutes Read
Vinicius Junior

ലോകകപ്പ് യോഗ്യത റൗണ്ടില്‍ താരനിബിഡമായ ടീമുണ്ടായിട്ടും വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ശേഷം 89-ാം മിനിറ്റില്‍ മാര്‍ട്ടിനല്ലിയുടെ മുഖത്തിടിച്ചതിന് അലക്‌സാണ്ടര്‍ ഗോണ്‍സാലസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി, പത്ത് പേരായി ചുരുങ്ങിയ വെനസ്വേല സംഘം പ്രതിരോധ കോട്ട കെട്ടിയാണ് ബ്രസീലിന്റെ ജയിക്കാനുള്ള നീക്കങ്ങളെ തടഞ്ഞത്. മത്സരം 1-1 സമനില ആയതോടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീനക്ക് തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ബ്രസീലിന് നഷ്ടമായത്.
ബാഴ്‌സലോണ താരം റഫീന്‍ഹയാണ് സുന്ദരമായ ഫ്രീകിക്കിലൂടെ ബ്രസീലിന്റെ ഏക ഗോള്‍ നേടിയത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ബ്രസില്‍ നല്‍കിയ പ്രഹരത്തിന് രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ വെനസ്വേല മറുപടി നല്‍കി. ടെലാസ്‌കോ സെഗോവി തൊടുത്ത ഷോട്ട് ആണ് ഗോള്‍ ആയത്. സമനിലയോടെ പത്തു ടീമുകളുള്ള ലാറ്റിനമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ പതിനേഴ് പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതാണ്.

മത്സരം തുടങ്ങിയത് മുതല്‍ നിരവധി ഗോളവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. ഇതില്‍ റഫീന്‍ഹക്ക് ലഭിച്ച അവസരം വിശ്വാസിക്കാനാവാത്ത വിധമായിരുന്നു നഷ്ടമായത്. വിനീഷ്യസ് നല്‍കിയ കിടിലന്‍ പാസ് പോസ്്റ്റിന് പുറത്തേക്ക് പോകുന്നത് ഉള്‍ക്കിടിലത്തോടെയാണ് ബ്രസീല്‍ ആരാധകര്‍ നോക്കി നിന്നത്. മറ്റൊരു അവസരം വെനിസ്വേല കീപ്പര്‍ റാഫേല്‍ റോമിയോയുടെ മിടുക്കില്‍ നഷ്ടമാകുന്നത് കാണാമായിരുന്നു. ജെഴ്‌സണിന്റെ തകര്‍പ്പന്‍ ഷോട്ടാണ് റാഫേല്‍ റോമിയോ മുഴുനീള ഡൈവിലൂടെ ഗോളില്‍ നിന്ന് തിരിച്ചുവിട്ടത്. കളി ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു ബ്രസീലിന്റെ ഗോള്‍ എത്തിയത്. 43-ാം മിനിറ്റില്‍ പോസ്റ്റില്‍ നിന്ന് 25 വാരയെങ്കിലും അകലെനിന്ന് റഫീഞ്ഞ തൊടുത്ത കനത്ത കിക്കിന് മുമ്പില്‍ ഇത്തവണ റാഫേല്‍ പരാജയപ്പെട്ടു. മനോഹരമായി ഗതി മാറി വന്ന പന്ത് ക്രോസ് ബാറിലുരുമി ഉള്ളിലേക്ക് കയറിയപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ ആശ്വാസിച്ചു. സ്‌കോര്‍ 1-0.

പകരക്കാരനായി രണ്ടാം പകുതിയിലിറങ്ങിയ ടെലാസ്‌കോ സെഗോവിയയായിരുന്നു വെനസ്വേലയുടെ സ്‌കോറര്‍. ഇടതുവിങ്ങില്‍നിന്ന് നവാരോയുടെ പാസ് സവാരിനോയിലേക്ക്. സവാരിനോ സെഗോവിയയെ ഉന്നംവെച്ച് നല്‍കിയ പന്തില്‍ ബോക്‌സിന് പുറത്തുനിന്ന് സെഗോവിയ തൊടുത്ത ശക്തമായ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിലേക്ക് വെടിയുണ്ട കണക്കെ കയറുമ്പോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ കാഴ്ച്ചക്കാരനായിരുന്നു. സ്‌കോര്‍ 1-1

അറുപതാം മിനിറ്റിലാണ് ബ്രസീലിന് ലീഡ് എടുക്കാന്‍ കഴിയുമായിരുന്ന പെനാല്‍റ്റി ലഭിച്ചത്. വെനിസ്വേല കീപ്പര്‍ റാഫേല്‍ റോമോ വിനീഷ്യസിനെ ഫൗള്‍ ചെയ്തതിനായിരുന്നു വീഡിയോ പരിശോധനയിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. റാഫേല്‍ റോമോ വിനീഷ്യസിനെ ബോക്‌സില്‍ വീഴ്ത്തിയെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ മത്സരം ഗതിമാറ്റാനുതകുന്ന കിക്കെടുത്ത വിനീഷ്യസിന് വലിയ പിഴ പറ്റി. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി വിനീഷ്യസ് പായിട്ട ഗ്രൗണ്ടര്‍ തട്ടിയകറ്റാന്‍ റോമോക്ക് നിഷ്പ്രയാസം കഴിഞ്ഞു. റീബൗണ്ടില്‍ എത്തിയ പന്ത് വീണ്ടും വിനീഷ്യസിന് തന്നെ ലഭിച്ചെങ്കിലും അവസരം പാഴായി. ബ്രസീല്‍ ക്ലോസ് റേഞ്ച് അവസരം ചെറുത്ത ആത്മവിശ്വാസത്തില്‍ വെനിസ്വേലന്‍ കീപ്പര്‍ റാഫേല്‍ റോമോയും പ്രതിരോധ സംഘവും ചേര്‍ന്ന് പിന്നീടുള്ള നിമിഷങ്ങളില്‍ ബ്രസീല്‍ മുന്നേറ്റത്തെ വിധഗ്ദ്ധമായി തടയുന്നതാണ് കണ്ടത്. വിജയഗോള്‍ നേടാനുള്ള എല്ലാ അവസരങ്ങളും കളഞ്ഞുകുളിച്ചതോടെ പട്ടികയില്‍ ഒരുപടി കൂടി കയറി അര്‍ജന്റീനക്ക് തൊട്ടുപിന്നില്‍ രണ്ടാസ്ഥാനത്ത് എത്താനുള്ള അവസരമാണ് ബ്രസീലിന് പാഴായത്.

Story Highlights: Brazil vs Venezuela match Vinicius misses penalty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here