നവീന്‍ ബാബു വിടപറഞ്ഞത് താന്‍ ആഗ്രഹിച്ചതുപോലെ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിരിക്കെ; നവീന്റേത് സിപിഐഎം കുടുംബമെന്ന് നാട്ടുകാര്‍

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത് സിപിഐഎം കുടുംബമെന്ന് ബന്ധുക്കള്‍. നവീന്റെ മാതാവും മറ്റ് ബന്ധുക്കളും സിപിഐഎം അനുഭാവികളാണ്. നവീന്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ ആയിരുന്നെന്നും ഇടത് അനുഭാവിയാണെന്നും നവീന്റെ സ്വദേശമായ മലയാലപ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. നവീന്റെ ഭാര്യ കോന്നി തഹസീല്‍ദാറാണ്. നവീന്റെ അമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ്. നവീന് അഴിമതിക്കാരന്‍ എന്ന പേര് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. (relatives and friends about Kannur ADM naveen babu)
നാട്ടിലേക്ക് ട്രാന്‍സ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്ന് രാവിലെ മുതല്‍ ഫോണില്‍ നവീനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലായ ഭാര്യയാണ് ഉദ്യോഗസ്ഥരോട് താമസസ്ഥലത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നത്. നവീനെതിരായ ആരോപണം കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ പി പി ദിവ്യ ഇന്ന് വാര്‍ത്താ സമ്മേളനം തീരുമാനിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലത്തെ ആരോപണത്തിലുണ്ടായ മനോവിഷമം അല്ലാതെ നവീന് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്ന് കുടുംബം അറിയിച്ചു.
നവീന് ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലെ പി പി ദിവ്യയുടെ വിമര്‍ശനം. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിക്കുന്നതാണെന്നും വ്യക്തമായ തെളിവുകളില്ലാതെ പൊതുവേദിയില്‍ ആരോപണം ഉന്നയിച്ച പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
Story Highlights : relatives and friends about Kannur ADM naveen babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here