Advertisement

സ്തനാർബുദ ബോധവൽക്കരണം; ഖത്തറിലെ ഇന്ത്യൻ ബെനവലന്റ് ഫോറം സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2024
Google News 1 minute Read

ഐ.സി. ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെയും, സ്തനാർബുദ ബോധവൽക്കരണ മാസത്തിൻ്റെയും ഭാഗമായി, സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗാർഹിക ജീവനക്കാർ ഉൾപെടെ ഏതാണ്ട് 320 ഓളം വനിതകൾ പരിപാടിയിൽ പങ്കെടുത്തു. ദോഹ സി റിംഗ് റോഡിലെ റിയാദ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ ഏറ്റവും ആവശ്യമായവർക്ക് സൗകര്യങ്ങൾ എത്തിക്കുന്ന ഐ.സി.ബി.എഫിൻ്റെയും റിയാദ മെഡിക്കൽ സെൻ്ററിൻ്റെയും സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. റിയാദാ മെഡിക്കൽ സെൻ്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിജയലക്ഷ്മി സ്തനാർബുദ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ അദ്ധ്യക്ഷനായിരുന്നു. സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം മെഡിക്കൽ ക്യാമ്പുകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഇ പി അബ്ദുറഹിമാൻ, റിയാദ മെസിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ടി കെ മുഹമ്മദ് കുഞ്ഞി, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത് ,സെറീനാ അഹദ് എന്നിവർ സംസാരിച്ചു.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി, ഡെൻ്റൽ കെയർ, ബ്രെസ്റ്റ് സ്‌ക്രീനിംഗ്, ഫിസിയോതെറാപ്പി തുടങ്ങി വിവിധ മേഖലകളിൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, നേത്ര പരിശോധന എന്നിവ ഉൾപ്പെടെ ലബോറട്ടറി പരിശോധനകളും ആവശ്യമായ മരുന്നുകളും ക്യാമ്പിൽ ലഭ്യമാക്കിയത് പലർക്കും ഉപകാരപ്രദമായി.

ഐ.സി.ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി എന്നിവർക്ക് പുറമെ, റിയാദ മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ജീവനക്കാരും, കമ്മ്യൂണിറ്റി വോളൻ്റിയർമാരും ക്യാമ്പിൻ്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

Story Highlights : Medical camp for women breast cancer awareness

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here