അനില്‍ ആന്റണി വലത്തോട്ട് തിരിഞ്ഞപ്പോള്‍ പി സരിന്‍ ഇടത്തോട്ട്, കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്ലിന്റെ ദുര്യോഗം
‘കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറാണോ, എന്നാല്‍ മറുകണ്ടം ചാടിയിരിക്കും’. അനില്‍ ആന്റണിക്ക് പിന്നാലെ ഈ സ്ഥാനത്തിരുന്ന പി സരിനും പാര്‍ട്ടി വിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പരിഹാസമാണിത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ എതിര്‍ത്ത് അനില്‍ ആന്റണി പുറത്ത് പോയതിന് പിന്നാലെ പകരക്കാരനായാണ് പി സരിന്‍ ഈ സ്ഥാനക്കേക്കെത്തുന്നത്. ഇപ്പോള്‍ സരിനും വിവാദങ്ങള്‍ക്ക് പിന്നാലെ ‘ കൈ’ വിട്ടിരിക്കുകയാണ്. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയപ്പോള്‍ പി സരിന്‍ നീങ്ങിയത് ചെങ്കൊടിത്തണലിലേക്ക്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്ലിന്റെ തലപ്പത്തേക്ക് അവരോധിച്ചത്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ശശി തരൂര്‍ എന്നിവരുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. 2018 സെപ്റ്റംബറില്‍ മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ അമരത്തേക്ക് വരുമ്പോള്‍ ഐടി മീഡിയ സെല്ല് മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് നിര്‍ജ്ജീവമായിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ രംഗത്ത് പയറ്റിത്തെളിഞ്ഞ അനില്‍ ആന്റണിക്ക് കീഴില്‍ സെല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനത്തിന് മുല്ലപ്പള്ളി പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നു. അനില്‍ ആന്റണി മോദിയെ സ്തുതിച്ച് ബിജെപിക്കൊപ്പം പോയപ്പോള്‍ പഴി മുഴുവന്‍ കേട്ടത് മുല്ലപ്പള്ളിയാണ്.
അനില്‍ ആന്റണിക്ക് പകരക്കാരനായാണ് ഡോ. പി സരിന്‍ ഡിജിറ്റല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തത്. എംബിബിഎസ് ബിരുദം, 33ാം വയസില്‍ സിവില്‍ സര്‍വീസ്. പദവികള്‍ നിരവധി ഉപേക്ഷിച്ചാണ് സരിന്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്ന് കന്നിയങ്കത്തിന് ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എം എം ഹസന്‍ കെ പി സി സി പ്രസിഡന്റായിരിക്കെ തുടങ്ങിയ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ തുടക്കം മുതലേ അംഗമായിരുന്നു. 2023 ഫെബ്രുവരിയിലാണ് അനിലിന്റെ പിന്‍ഗാമിയായി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്ത് എത്തിയത്. ഇടതുപക്ഷത്തിന്റെ സൈബര്‍ കടന്നലുകളോട് മുട്ടി നില്‍ക്കാന്‍ സരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ ഡിജിറ്റല്‍ മീഡിയ സെല്ലിലും കലഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും സരിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത് വന്നിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.
സരിനിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വീണാ നായരുടെ നേതൃത്വത്തില്‍ ജനുവരിയില്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. ഡിജിറ്റല്‍ മീഡിയ വിഭാഗം നല്‍കിയ ഉപകരാറിലെ ക്രമക്കേട് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കണ്‍വീനര്‍ സരിന്റെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്ത അംഗങ്ങളെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കി എന്നും ആരോപണമുണ്ട്. വ്യക്തിപരമായ പ്രചാരണത്തിന് കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ സരിന്‍ ഉപയോഗം ചെയ്തു എന്നടക്കമുള്ള നിരവധി ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്. ഇന്ന് പാര്‍ട്ടി വിട്ട് സരിന്‍ പുറത്തേക്ക് പോകുമ്പോള്‍ സന്തോഷിക്കുകയാണ് ആരോപണമുന്നയിച്ച ഒരു വിഭാഗം നേതാക്കള്‍. ദേവമുണ്ടെന്നേ .. സത്യം എന്ന വാക്കുകളിലുടേ ഈ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട് അഡ്വ. വീണാ നായര്‍.
അതേസമയം, തന്റെ മുന്‍ഗാമിയായ സരിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അനില്‍ ആന്റണി ഒഴിഞ്ഞു മാറി. കോണ്‍ഗ്രസിനകത്തെ വിഷയങ്ങളെ കുറിച്ച് താന്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗന്ധി നേതാവായതിന് ശേഷം ദിശാബോധമില്ലാത്തമില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറി എന്നുമായിരുന്നു വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. എന്തായാലും അനില്‍ ആന്റണിക്ക് പിന്നാലെ പി സരിനും കോണ്‍ഗ്രസ് വിടുമ്പോള്‍ കെപിസിസി ഡിജിറ്റല്‍ സെല്ലിന് കണ്‍വീനര്‍മാര്‍ വാഴില്ലേ എന്ന പരിഹാസം കൂടിയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
Story Highlights : P Sarin steps out of KPCC digital media cell after Anil Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here