പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

പി പി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
Read Also: കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം, പിപി ദിവ്യയെ പ്രതിചേർത്തു
കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചതെന്നും അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് നടപടി.
Story Highlights : PP Divya is removed from Kannur District Panchayat President post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here