കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്; രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തി? പരിശോധനയ്ക്ക് ED
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പമ്പ് തുടങ്ങാൻ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ പി പി ദിവ്യ കൂട്ടുനിന്നോ എന്നും ഇഡി പരിശോധിക്കും.
പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും. ഇഡി പ്രാഥമിക പരിശോധന ആരംഭിച്ചു. കൊച്ചിയിൽ നിന്നുള്ള ഇഡിയുടെ യുണീറ്റാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. കൈക്കൂലിക്കേസിൽ പരാതി നൽകിയ പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ കരാർ തൊഴിലാളിയായാണ് ജോലി നോക്കുന്നത്. ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്.
പ്രശാന്തൻ സ്ഥാപിക്കുന്ന പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് എഡിഎം കെ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നവീൻ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പിന്നാലെ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുമായി പ്രശാന്തൻ രംഗത്തെത്തിയിരുന്നു. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കിയത്.
എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ പരസ്യമായി എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കുകയായിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights : ED probe in financial source of Kannur controversial petrol pump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here