എഡിഎമ്മിന്റെ മരണം; ടി വി പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണം തുടങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ ഐഎഎസും സംഘവും കൂടാതെ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോക്ടർ വിശ്വനാഥൻ എന്നിവരും പരിയാരം മെഡിക്കൽ കോളേജിൽ എത്തി. ടിവി പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണസംഘം വിശദീകരണം തേടും. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ പി ഷീബ ദാമോദരൻ, സൂപ്രണ്ട് ഡോ. കെ സുധീപ് എന്നിവരുമായി ഡോ. വിശ്വനാഥൻ കൂടിക്കാഴ്ച നടത്തി.
ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ടി വി പ്രശാന്തനും ഹാജരാകും.
കോടികൾ നിക്ഷേപമുള്ള പെട്രോൾ പമ്പ് തുടങ്ങാൻ പ്രശാന്തന് എങ്ങിനെയാണ് പണം കിട്ടിയതെന്നും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന വരുമാനം എത്രയാണെന്നുമുള്ള വിവരങ്ങളായിരിക്കും സംഘം ചോദിക്കുക. പ്രശാന്തന്റെ പരാതികൾ ഉൾപ്പടെ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി.
അതേസമയം, പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട്, എഡിഎം കെ നവീൻ ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൈക്കൂലി നൽകിയെന്നും ആണ് ടി വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാൽ പരാതി പൂർണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകൾ.
Read Also: തെറ്റായ സന്ദേശം നൽകും; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ്
ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സുരേഷ് നടത്തിയ അന്വേഷണത്തിൽ പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങാനിരിക്കുന്ന സ്ഥലത്ത് വളവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാഴ്ച പരിമിതി ഉണ്ടാവുമെന്നും ഇത് അപകടങ്ങളിലേക്ക് നയിക്കും എന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടിനെ ശരിവെക്കുന്ന രീതിയിൽ പ്രദേശവാസികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീകണ്ഠപുരം എസ് എച്ച് ഒ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പമ്പിന് ശുപാർശ ചെയ്യരുതെന്ന് തളിപ്പറമ്പ് ഡി വൈ എസ് പിയും അറിയിച്ചു.
പൊലീസിന്റെ റിപ്പോർട്ട് എത്തിയ ഉടനെ എഡിഎം കെ നവീൻ ബാബു സ്ഥലം പുനപരിശോധിക്കാൻ ടൗൺ പ്ലാനിങ് ഓഫീസർക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ടൗൺ പ്ലാനിങ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ പ്രശാന്തൻ ലീസിന് എടുത്ത ഭൂമിയിൽ ഉണ്ടായിരുന്ന മൺ തിട്ട മാറ്റണമെന്നും, സ്ഥലം പുനക്രമീകരിച്ച ശേഷം പ്രശാന്തന്റെ അപേക്ഷ പുനഃ പരിശോധിക്കാമെന്ന് എഡിഎമ്മിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ നിയമപരമായ തടസ്സങ്ങൾ മാത്രമാണ് എൻ ഒ സി അനുമതിയിലെ കാലതാമസത്തിന് കാരണം.
Story Highlights : Death of ADM K Naveen babu; A departmental inquiry has been started against TV Prashanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here