ഇന്ദു റബേക്കയായി സായ് പല്ലവി; ആവേശം കൊള്ളിച്ച് ‘അമരന്‍’ട്രെയ്ലര്

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ- സായ് പല്ലവി ചിത്രം ‘അമര’ ന്റെ ട്രെയിലർ എത്തി. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയത്. ശിവകാർത്തികേയന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നാണിത്. മുകുന്ദ് വരദരാജനായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായ് പല്ലവിയാണ്.
കശ്മീരിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘അമരൻ’ എന്ന ചിത്രമൊരുങ്ങുന്നത്. മേജറും മകളും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നാലെ ശിവകാർത്തികേയനെ കാണിക്കുന്നു. പിന്നീട് ആക്ഷൻ രംഗങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയും ട്രെയിലർ കടന്നുപോകുന്നുണ്ട്. മലയാളം സംസാരിക്കുന്ന സായ് പല്ലവിയുടെ രംഗങ്ങൾക്കും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട്.
Read Also: സൽമാൻ ഖാനെതിരെയുണ്ടായ വധഭീഷണി; പ്രതി പച്ചക്കറി വിൽപ്പനക്കാരൻ, അറസ്റ്റ്
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിൽ തീവ്രവാദികൾക്കെതിരായ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിച്ചു. തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് മേജർ.
2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്ന ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു . ശിവകാർത്തികേയൻ ഞെട്ടിക്കുമെന്നാണ് ആരാധകർ പറയുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. ‘രംഗൂൺ’ എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് ഇത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയിലർ, ജവാൻ, ലിയോ, വേട്ടയ്യൻ തുടങ്ങി വമ്പൻ സിനിമകൾ കേരളത്തിൽ വിതരണത്തിനെത്തിച്ച ശ്രീ ഗോകുലം മൂവീസാണ് അമരനും കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
Story Highlights : Amaran trailer out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here