‘പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടു, ക്രിക്കറ്റ് കിറ്റ് ഒലിച്ചുപോയി’, സഹായവുമായി എത്തിയത് ശിവകാര്‍ത്തികേയന്‍’: മലയാളി ക്രിക്കറ്റർ സജന സജീവന്‍

കേരളത്തെ നടുക്കിയ 2018ലെ പ്രളയത്തില്‍ ക്രിക്കറ്റ് കിറ്റ് അടക്കം എല്ലാം നഷ്ടമായപ്പോള്‍ സഹായവുമായി എത്തിയത് തമിഴ് നടന്‍ ശിവകാര്‍ത്തികേയനെന്ന് മലയാളി ക്രിക്കറ്റ് താരം സജന സജീവന്‍. ഇഎസ്പിഎന്‍ ക്രിക്‌ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സജന സജീവന്റെ വെളിപ്പെടുത്തൽ. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
2018ലെ മഹാ പ്രളയത്തില്‍ അതുവരെ ഞങ്ങള്‍ സ്വരുക്കൂട്ടിവച്ചിരുന്നതെല്ലാം ഒലിച്ചുപോയി. എന്റെ ക്രിക്കറ്റ് കിറ്റും ട്രോഫികളും വീടും എല്ലാം പ്രളയം കൊണ്ടുപോയി. ഇതോടെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയെത്തി. ഈ സമയമാണ് ശിവകാര്‍ത്തികേയന്‍ സഹായ ഹസ്തവുമായി എത്തിയത്’- സജന സജീവന്‍ പറഞ്ഞു. സാമ്പത്തികമായി ഞങ്ങള്‍ വട്ടപൂജ്യമായ കുടുംബമായിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ക്രിക്കറ്റിലേക്ക് വരുന്നത്. പിടി ടീച്ചറായിരുന്ന എല്‍സമ്മ ബേബിയാണ് എന്നെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്. വീട്ടുകാരെ സഹായിക്കാനുള്ള ചെറിയൊരു വരുമാനം ഇതിലൂടെ കണ്ടെത്താം എന്ന നിലയിലാണ് ഞാന്‍ അപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ കണ്ടത്. ശിവകാര്‍ത്തികേയന്‍ സാര്‍ എന്നെ വിളിച്ചു. എനിക്ക് എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ചു.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അണ്ണാ, എന്റെ ക്രിക്കറ്റ് കിറ്റ് നഷ്ടമായി. എനിക്ക് പുതിയ സ്‌പൈക്ക് വേണം എന്ന് പറഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളില്‍ എനിക്ക് പുതിയ സ്‌പൈക്ക് ലഭിച്ചു. ആ സമയം എനിക്ക് ചലഞ്ചര്‍ ട്രോഫിക്കായി പോകണമായിരുന്നു. അവിടെ എല്ലാവരും വലിയ പിന്തുണ നല്‍കിയാണ് എന്നോട് സംസാരിച്ചത്.
കാര്യങ്ങള്‍ അന്വേഷിച്ച് എന്നെ സഹായിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് സജന പറഞ്ഞു. സ്‌പോര്‍ട്‌സ് ഡ്രാമയായ കാനായില്‍ ശിവകാര്‍ത്തികേയനൊപ്പം സജന അഭിനയിച്ചിരുന്നു. സജന എന്ന ക്രിക്കറ്റ് താരമായി തന്നെയാണ് മലയാളി താരം അഭിനയിച്ചത്. ഈ സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള പരിചയം വെച്ചാണ് പ്രളയത്തിന്റെ സമയത്ത് സജനയെ തേടി ശിവകാര്‍ത്തികേയന്റെ വിളി എത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫിനിഷര്‍ റോളില്‍ തിളങ്ങിയ താരമാണ് മലയാളിയായ വയനാട്ടുകാരി സജന സജീവന്‍. ഇന്നലെ നടന്ന മത്സരത്തില്‍ സജനയ്ക്ക് തിളങ്ങാന്‍ സാധിച്ചെങ്കിലും ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അടുത്ത മത്സരത്തില്‍ ടീം വിജയത്തിലേക്ക് എത്തുമെന്ന വിശ്വാസത്തിലാണ് താരം.
Story Highlights : malayali cricketer sajna sajeevan revealed helping hands of sivakarthikeyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here